കോഴിക്കോട്: കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മികച്ച പോലീസ് സ്റ്റേഷന്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ജില്ലയില്‍നിന്ന് രണ്ടു സ്റ്റേഷനുകള്‍. സിറ്റി പരിധിയില്‍നിന്ന് കസബയും റൂറലില്‍നിന്ന് ബാലുശ്ശേരിയുമാണ് ദേശീയ പുരസ്‌കാരത്തിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇടംപിടിച്ചത്. സംസ്ഥാനത്തെ 19 പോലീസ് ജില്ലകളില്‍നിന്ന് 15 സ്റ്റേഷനുകളാണ് ആദ്യപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണ് മികച്ച സ്റ്റേഷനെ തിരഞ്ഞെടുക്കുക. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കസബയും ബാലുശ്ശേരി സ്റ്റേഷനും നാമനിര്‍ദേശപ്പട്ടികയില്‍ ഇടംനേടിയത്.
കേസുകളുടെ എണ്ണം, കേസുകള്‍ തീര്‍പ്പാക്കല്‍, കോടതികല്പനകള്‍ നടപ്പാക്കല്‍ മുതല്‍ സ്റ്റേഷനിലെ ശുചിത്വം അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും പുരസ്‌കാരം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്റ്റേഷന്റെ മേധാവിയോട് അടുത്തദിവസം തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ എത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആദ്യമായാണ് കസബ സ്റ്റേഷന്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കുന്നത്. 72 സേനാംഗങ്ങളാണ് കസബ സ്റ്റേഷനിലുള്ളത്.
0 Comments