ബീച്ച് റോഡിലെ ലോറി പാർക്കിങ് അവസാനിപ്പിക്കൽ: തീരുമാനം നടപ്പാകാത്തതിൽ പ്രതിഷേധംകോഴിക്കോട്∙ സൗത്ത് ബീച്ച് റോഡിലെ അനധികൃത ലോറി പാർക്കിങ് അവസാനിപ്പിക്കുമെന്ന കോർപറേഷൻ കൗൺസിൽ തീരുമാനം ഇനിയും നടപ്പാക്കാത്തതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധത്തിൽ. മേയറും കലക്ടറും പോർട്ട് ഓഫിസറുമെല്ലാം ഉറപ്പുനൽകിയിട്ടും സൗത്ത് ബീച്ചിൽനിന്ന് ലോറികൾ മാറിയില്ല.  റോഡിലെ ഗതാഗതക്കുരുക്കും പ്രദേശത്തെ മലിനീകരണവും തുടരുകയാണെന്നും പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകൾ പറയുന്നു. സൗത്ത് ബീച്ചിലെ തുറമുഖവകുപ്പിന്റെ സ്ഥലത്തെ ലോറി സ്റ്റാൻഡും ബീച്ച് റോഡിലെ അനധികൃത ലോറി പാർക്കിങ്ങും നിർത്തലാക്കുമെന്നും പകരം കോയ റോഡിലെ സ്വകാര്യ സ്ഥലത്ത് പാർക്കിങ് അനുവദിക്കുമെന്നും ഏപ്രിൽ 27ലെ കൗൺസിൽ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.

മെയ് ഒന്നാം തിയ്യതി മുതൽ കോയ റോഡിൽ പാർക്കിങ് തുടങ്ങുമെന്നാണു പറഞ്ഞിരുന്നതെങ്കിലും ഇനിയും നടപ്പായിട്ടില്ല. ലോറി പാർക്കിങ്ങിനെക്കുറിച്ച് പൊലീസിനോടു പരാതിപ്പെട്ടപ്പോൾ ലോറികൾ നീക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന മറുപടിയാണു ലഭിച്ചതെന്നും സൗത്ത് ബീച്ച് നിവാസികൾ പറയുന്നു. കോർപറേഷനിൽനിന്നാണ് പൊലീസിനുള്ള കത്ത് നൽകേണ്ടത്.  ഇതുനൽകിക്കഴിഞ്ഞാൽ ലോറികൾ നീക്കുമെന്നും അല്ലാത്തപക്ഷം വിഷയത്തിൽ ഇടപെടുമെന്നും കലക്ടർ യു.വി. ജോസ് പറഞ്ഞു. സൗത്ത് ബീച്ചിലെ തുറമുഖ വകുപ്പിന്റെ സ്ഥലത്തെ ലോറി സ്റ്റാൻഡും ബീച്ച് റോഡിലെ ലോറി പാർക്കിങ്ങും ഒഴിവാക്കണമെന്നത് പ്രദേശവാസികളുടെ  വർഷങ്ങളായുള്ള ആവശ്യമാണ്. തെക്കേപ്പുറം കോഓർഡിനേഷൻ കമ്മിറ്റി, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ്, പട്ടുതെരുവ് റസിഡന്റ്സ് അസോസിയേഷൻ, ഗുജറാത്തി സ്ട്രീറ്റ് റസിഡന്റ്സ് അസോസിയേഷൻ, സൗഹൃദതീരം ബീച്ച് സംരക്ഷണ കൂട്ടായ്മ എന്നിവരും പ്രദേശത്തെ  ബോറ, ജെയ്ൻ കൂട്ടായ്മകളുമാണ് ലോറി പാർക്കിങ്ങിനെതിരെ പ്രക്ഷോഭരംഗത്തുള്ളത്.

Post a Comment

0 Comments