ബീച്ച് ലോറിസ്റ്റാൻഡ്; മാറ്റാത്തതിന്റെ ഉത്തരവാദി പോലീസെന്ന്‌ കോഴിക്കോട് കോർപറേഷൻ


കോഴിക്കോട്: ബീച്ച് ലോറിസ്റ്റാൻഡ് കോയാ റോഡിലേക്ക് മാറ്റാത്തതിന്റെ ഉത്തരവാദി പോലീസെന്ന്‌ കോഴിക്കോട് കോർപറേഷൻ. ബിച്ചിൽ ലോറികൾ മാറ്റാൻ രേഖാമൂലം നിർദേശം നൽകിയിട്ടുണ്ടെന്നാണ് കോർപ്പറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ പറയുന്നത്. എന്നാൽ, ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. സ്റ്റാൻഡ് മാറ്റുന്നതുസംബന്ധിച്ച് അറിയിപ്പ് കിട്ടിയിട്ടുണ്ടെങ്കിലും സൗത്ത് ബീച്ചിൽ നിർത്തുന്ന ലോറികൾക്കെതിരേ നടപടിയെടുക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്ന് സൗത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ദേവസ്യ പറഞ്ഞു. അതുകൊണ്ട് നിർദേശം ലഭിക്കാതെ നടപടിയെടുക്കാൻ പറ്റില്ല. പോലീസുദ്യോഗസ്ഥർ കൂടെ പങ്കെടുത്ത റോഡ് ഉപദേശകസമിതി യോഗത്തിലാണ് സൗത്ത് ബീച്ചിലെ ലോറിസ്റ്റാൻഡ് മേയ് ഒന്നുമുതൽ കോയാ റോഡിലേക്ക് മാറ്റാൻ തീരുമാനിച്ചത്. തുടർന്ന് മേയർ, കളക്ടർ, ആർ.ടി.ഒ, ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ എന്നിവർ ചേർന്ന് സൗത്ത് ബീച്ച് സന്ദർശിക്കുകയും ചെയ്തിരുന്നു. കോർപ്പറേഷൻ കൗൺസിലും തീരുമാനമെടുത്തതാണ്. ലോറികൾ സൗത്ത് ബീച്ചിൽ നിർത്തിയിടുന്നത് ഗതാഗത പ്രശ്നത്തിനിയിടയാക്കുന്നെന്ന് കാലങ്ങളായി ഉയരുന്ന പരാതിയാണ്. ഇതിനൊപ്പം സൗത്ത് ബീച്ച് സൗന്ദര്യവത്കരണം പൂർത്തിയാവുന്നതോടെ സ്റ്റാൻഡ് ഇവിടെ പ്രവർത്തിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ടാണ് അടിയന്തരമായി ലോറിസ്റ്റാൻഡ് ഇവിടെനിന്ന് മാറ്റാൻ നടപടി തുടങ്ങിയത്.

നടപടിയെടുക്കേണ്ടത്‌ പോലീസ്‌:പോലീസിന് കോർപ്പറേഷൻ കത്ത് നൽകിയതാണ്. അവരാണ് നടപടിയെടുക്കേണ്ടത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. കോയാ റോഡിൽ സ്റ്റാൻഡിനുവേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  തോട്ടത്തിൽ രവീന്ദ്രൻ, മേയർ

ഔദ്യോഗിക അറിയിപ്പ്‌ ലഭിച്ചിട്ടില്ല:കോയാ റോഡിലേക്ക് ലോറി സ്റ്റാന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ഏപ്രിൽ 29-ന് അസോസിയേഷൻ പ്രതിനിധികളുമായി ചർച്ചനടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. കോയാ റോഡിൽ ലോറിസ്റ്റാൻഡിനുവേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. പാർക്കിങ് സംവിധാനം ഒരുക്കുന്ന സ്ഥലത്ത് കാട് നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ടാണ് സൗത്ത് ബീച്ചിൽ തന്നെ ലോറികൾ നിർത്തുന്നത്.കെ.കെ. ഹംസ, സംസ്ഥാന പ്രസിഡന്റ്, കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് വെൽഫെയർ ഫെഡറേഷൻ

Post a Comment

0 Comments