ഡി.പി.ആര്‍ തയ്യാറാക്കുന്നു; മൂരാട് പാലം പുതുക്കിപ്പണിയാന്‍ സാധ്യത തെളിയുന്നു



കോഴിക്കോട്:ഏറെക്കാലത്തെ മുറവിളിക്കുശേഷം ദേശീയപാതയിലെ മൂരാട് പാലവും പാലോളിപ്പാലവും പുതുക്കിപ്പണിയാന്‍ സാധ്യത തെളിയുന്നു. മൂരാട് പാലത്തിനും പാലോളിപ്പാലത്തിനും വിശദപദ്ധതി റിപ്പോര്‍ട്ട് തയാറാക്കാന്‍ ദേശീയപാത അതോറിറ്റി കണ്‍സള്‍ട്ടന്‍സിക്ക് നിര്‍ദേശം നല്‍കിയിരിക്കുയാണ്. റോഡ് വികസനത്തിനൊപ്പമല്ലാതെ രണ്ട് പാലങ്ങളും വേറെ പദ്ധതിയായി ചെയ്യാനാണിപ്പോള്‍ തീരുമാനം. അതുകൊണ്ട് ദേശീയപാത നാലുവരിപ്പാതയാക്കുന്നത് വൈകിയാലും പാലംപണി നേരത്തേ പൂര്‍ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തേ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി പാര്‍ലമെന്റില്‍ ചോദിച്ച ചോദ്യത്തില്‍ പാലം നിര്‍മിക്കുന്നത് ദേശീയപാത വികസനത്തിനൊപ്പം മാത്രമാണെന്നാണ് മറുപടി നല്‍കിയത്. 2016ലെ സംസ്ഥാന ബജറ്റില്‍ 50കോടിയാണ് മൂരാട് പാലം പുതുക്കിപ്പണിയുന്നതിനായി അനുവദിച്ചത്. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ല. നാളിതുവരെ പാലത്തില്‍ നടത്തിയ അറ്റകുറ്റപ്പണികളെല്ലാം പാഴാവുകയായിരുന്നു. ടാറിങ് പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന പാലത്തി​ന്റെ കോണ്‍ക്രീറ്റ് തകര്‍ച്ചയിലാണ്. പലയിടത്തും കമ്പികള്‍ പുറത്തായിരിക്കയാണ്. നൂറുകണക്കിന് വാഹനം ദിനംപ്രതി കടന്നുപോകുന്ന പാലം കാലപ്പഴക്കത്താല്‍ ഭീഷണി നേരിടുകയാണ്. പാലത്തില്‍ വര്‍ഷംതോറും അറ്റകുറ്റപ്പണി നടക്കുക പതിവാണ്. എന്നാല്‍, വളരെപ്പെട്ടെന്നുതന്നെ റീടാറിങ് തകരുന്ന അവസ്ഥയാണുള്ളത്. മിക്കഭാഗവും പൊളിഞ്ഞുകിടക്കുകയാണ്.

78 വര്‍ഷം പഴക്കമുള്ളതാണ് മൂരാട് പാലം. 5.5 മീറ്റര്‍ വീതിയേ പാലത്തിനുള്ളൂ. അതുകൊണ്ട് ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. പ്രത്യേക പദ്ധതിയായി നടപ്പാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യംകൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനമെന്ന് ദേശീയപാതാ അതോറിറ്റി അധികൃതര്‍ പറയുന്നു. ഇതോടെ പാലം നിര്‍മാണം സംബന്ധിച്ച അനിശ്ചിതത്വം ഒഴിവായിരിക്കുകയാണ്. കാസര്‍കോട്ടെ തലപ്പാടി മുതല്‍ വെങ്ങളംവരെ എയ്ക്കോം എന്ന ഏജന്‍സിയാണ് ഡി.പി.ആര്‍ തയാറാക്കുന്നത്. അവര്‍ക്കുതന്നെയാണ് നിർമാണച്ചുമതല നല്‍കിയിരിക്കുന്നത്.

Post a Comment

0 Comments