കാപ്പാട്‌ ബീച്ച്‌ രാജ്യാന്തര പദവിക്കുള്ള ബീച്ചുകളുടെ പട്ടികയില്‍കോഴിക്കോട്‌: ലോകത്തെ മികച്ച ബീച്ചുകള്‍ക്കുള്ള അന്താരാഷ്‌ട്ര അംഗീകാരമായ 'ബ്ലൂ ഫ്‌ളാഗ്‌' പദവിക്കു വേണ്ടി തയാറാക്കിയ ബീച്ചുകളുടെ പട്ടികയില്‍ കോഴിക്കോട്ടെ കാപ്പാട്‌ ബീച്ചും ഇടം നേടി. 33 മാനദണ്ഡങ്ങള്‍ നടപ്പാക്കിയാല്‍ കാപ്പാട്‌ ബീച്ച്‌ അന്താരാഷ്‌ട്ര പദവിയിലേക്ക്‌ ഉയരും. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
ലോകത്തെ 60 രാജ്യങ്ങള്‍ അടങ്ങുന്ന എന്‍.ജി.ഒ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ എണ്‍വിറോണ്‍മെന്റല്‍ എഡ്യുക്കേഷന്‍ ആണ്‌ 'ബ്ലൂ ഫ്‌ളാഗ്‌' സര്‍ട്ടിഫിക്കറ്റ്‌ നല്‍കുന്നത്‌. ഇന്ത്യയില്‍നിന്ന്‌ 13 ബീച്ചുകളാണ്‌ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്‌. കേരളത്തില്‍ നിന്ന്‌ കാപ്പാടിനും തുവ്വപ്പാറയ്‌ക്കും ഇടയ്‌ക്കുള്ള ഏരൂല്‍ ബീച്ചാണ്‌ ഇടം നേടിയത്‌. സര്‍ട്ടിഫിക്കറ്റ്‌ കിട്ടിക്കഴിഞ്ഞാല്‍ ഈ ബീച്ച്‌ അന്താരാഷ്‌ട്ര ബീച്ചായി അറിയപ്പെടും. ബീച്ചിന്റെ നവീകരണ പ്രവൃത്തികള്‍ക്ക്‌ ഫണ്ട്‌ ലഭിക്കും. ഇന്ത്യയില്‍ ഇതുവരെ ഒരു ബീച്ചിനും ഈ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയിട്ടില്ല. ബീച്ചുകളിലെ അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ബീച്ചിന്റെ വൃത്തിയും മനോഹാരിതയും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമാക്കി കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയമാണ്‌ ഈ പ്ര?ജക്‌ട് നടപ്പാക്കുന്നത്‌. കേന്ദ്ര സര്‍ക്കാറിനാണ്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇതിന്റെ അപേക്ഷ സമര്‍പ്പിക്കുക. കേന്ദ്രം ഇത്‌ ഫൗണ്ടേഷന്‍ ഫോര്‍ എണ്‍വിറോണ്‍മെന്റല്‍ എഡ്യുക്കേഷനു കൈമാറും. വെള്ളത്തിന്റെ ഗുണമേന്‍മ, പരിസരവൃത്തി, മാലിന്യ സംസ്‌കരണം, കടപ്പുറത്തെ സുരക്ഷാ നടപടികള്‍ എന്നിവ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടും.

കാപ്പാട്‌ ഏരൂല്‍ ബീച്ചിലെ അടിസ്‌ഥാന സൗകര്യ വികസനത്തിനായി കെ. ദാസന്‍ എം.എല്‍.എ രക്ഷാധികാരിയും ഡി.ടി.പി.സി സെക്രട്ടറി ബിനോയ്‌ വേണുഗോപാല്‍ കണ്‍വീനറുമായി ഒരു മാനേജ്‌മെന്റ്‌ കമ്മിറ്റിക്കു രൂപം നല്‍കിയിട്ടുണ്ട്‌. ജില്ലാ കലക്‌ടര്‍ യു.വി ജോസാണ്‌ ഇതിന്റെ സംസ്‌ഥാന നോഡല്‍ ഓഫീസര്‍. പ്രോജക്‌ട് നടപ്പാക്കുന്നതിനു പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. വെള്ളത്തിന്റെ പരിശോധന നാലു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ കോഴിക്കോട്‌ ബീച്ച്‌ മുതല്‍ കാപ്പാട്‌ ബീച്ച്‌ വരെയുള്ള ഭാഗമാണ്‌ പരിഗണിക്കപ്പെട്ടിരുന്നത്‌. എന്നാല്‍ വെള്ളത്തിന്റെ പരിശോധനയ്‌ക്കുശേഷം കാപ്പാടിനെ മാത്രം ഉള്‍പ്പെടുത്തുകയായിരുന്നു.
വെള്ളം കുളിക്കാന്‍ ഉപയോഗിക്കുന്നതിനു പറ്റിയതാണെന്ന്‌ തെളിയിക്കുന്നതിന്‌ കാപ്പാട്ടെ അഞ്ചുകേന്ദ്രങ്ങളില്‍ നിന്ന്‌ ശേഖരിച്ച്‌ പരിശോധന നടത്തുകയുണ്ടായി. ഇനിയും പരിശോധനകള്‍ നടത്തുമെന്ന്‌ ഡി.ടി.പി.സി സെക്രട്ടറി ബിനോയ്‌ വേണുഗോപാല്‍ പറഞ്ഞു.വെള്ളം മലിനമാക്കാതിരിക്കാന്‍ തദ്ദേശവാസികളുടെയും മല്‍സ്യത്തൊഴിലാളികളുടെയും സഹായം മാനേജ്‌മെന്റ്‌ കമ്മിറ്റി തേടുന്നുണ്ട്‌. ബീച്ച്‌ മാലിന്യമുക്‌തമാക്കാന്‍ കാമ്പയിന്‍ ആരംഭിക്കാനും ഉദ്ദേിക്കുന്നുണ്ട്‌. പാര്‍ക്കിംഗ്‌ സൗകര്യം, കംഫര്‍ട്ട്‌ സ്‌റ്റേഷന്‍, ജോഗിംഗ്‌ ട്രാക്ക്‌ എന്നിവി ഇവിടെ ഏര്‍പ്പെടുത്തും. വൈകല്യമുള്ളവര്‍ക്കു വരാനും പോകാനും കഴിയുന്ന വിധത്തില്‍ സംവിധാനം ഒരുക്കാനും പരിപാടിയുണ്ട്‌. ബീച്ചില്‍ സെക്യൂരിറ്റി സംവിധാനവും ഉണ്ടവും. അടുത്ത സെപ്‌റ്റംബര്‍ മാസത്തോടെയാണ്‌ ഇതിനുള്ള ക്രമീകരണങ്ങളും പരിശോധാനകളും പൂര്‍ത്തിയാക്കേണ്ടത്‌. അപേക്ഷ സമര്‍പ്പിച്ചാല്‍ അന്താരാഷ്‌ട്ര സംഘം ഇവിടെ പരിശോധനയ്‌ക്ക് എത്തും.

Post a Comment

0 Comments