കൊടുവള്ളി സിൽസില ജ്വല്ലറി കവർച്ച: മോഷ്ടാവിനെ അറസ്റ്റുചെയ്തു

ജ്വല്ലറി കവര്‍ച്ച നടത്തിയ മോഷ്ടാവ് മുഹമ്മദ് അക്രൂസ് അമാനും പ്രതിയെ പിടികൂടിയ പോലീസ് സംഘവും

കോഴിക്കോട്: കൊടുവള്ളി ജൂവലറി കവർച്ചക്കേസിലെ മുഖ്യപ്രതി ബംഗാളിൽനിന്ന് അറസ്റ്റിലായി. ബംഗാൾ സ്വദേശിയായ മുഹമ്മദ് അക്രൂസ് അമാൻ (29) ആണ് അറസ്റ്റിലായത്. കേസിൽ ഇനി ആറുപേർകൂടി പിടിയിലാവാനുണ്ട്. കൊടുവള്ളി പോലീസ് ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എത്തിച്ചേർന്നത് മാവോവാദി അധീനതയിലുള്ള ഇൻഡോ-ബംഗ്ലാ ബോർഡർ ആയ മാൾഡ എന്ന സ്ഥലത്താണ്. അവിടെനിന്നും ജനക്കൂട്ടത്തിന്റെ എതിർപ്പിനെ വകവയ്ക്കാതെ പ്രതിയുടെ വീട് വളയുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കിലോമീറ്ററുകളോളം ഓടിച്ചിട്ടാണ് പോലീസ് പിടികൂടിയത്. മേയ് 17-ന് രാത്രിയാണ് സിൽസില ജൂവലറിയുടെ ചുമരുതുരന്ന് സംഘം കവർച്ച നടത്തിയത്. 2.8 കിലോ സ്വർണാഭരണങ്ങളും മൂന്നു കിലോ വെള്ളിയാഭരണങ്ങളും രണ്ടരലക്ഷം രൂപയുമാണ് മോഷ്ടിച്ചത്.


മുംബൈയിലെ ജൂവലറിയിൽനിന്നും 40 കിലോഗ്രാം സ്വർണം മോഷ്ടിച്ച കേസിൽ ജയിൽമോചിതനായതിനുശേഷമാണ് ഇയാൾ കൊടുവള്ളിയിലെത്തി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. കൊടുവള്ളി സി.ഐ. പി. ചന്ദ്രമോഹന്റെ നേതൃത്വത്തിൽ എസ്.ഐ.കെ. പ്രജീഷും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സിവിൽ പോലീസ് ഓഫീസർമാരായ അൻവർ റഷീദ്, ജയപ്രകാശ്, ഹോംഗാർഡ് ഷാജി, ഡിവൈ.എസ്.പി. സ്ക്വാഡിലുള്ള ഹരിദാസൻ, ഷിബിൽ ജോസഫ്, രാജീവ് ബാബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments