കൊയിലാണ്ടി ഹാര്‍ബര്‍; നിർമാണപ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനം



കോഴിക്കോട്: കൊയിലാണ്ടി ഹാര്‍ബറിന്റെ നിര്‍മാണപ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ കെ. അബ്ദുള്‍ ജബ്ബാര്‍, അസി. എന്‍ജിനീയര്‍ എ. സതീശന്‍ എന്നിവര്‍ ഹാര്‍ബര്‍ വികസനസമിതി ഭാരവാഹികളുമൊത്ത് നിര്‍മാണപ്രവൃത്തികള്‍ അവലോകനംചെയ്തു. സംയുക്തസമിതി ചെയര്‍മാന്‍ വി.എം. രാജീവന്‍, കണ്‍വീനര്‍ പി.പി. പുരുഷോത്തമന്‍, സി.പി. റഹിം, വി.കെ.ജയന്‍, എം.വി. ബാബുരാജ്, കെ.കെ.രാജന്‍, യു.കെ. രാജന്‍, കെ.പി. മനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഓഫീസ്, കടമുറികള്‍, കാന്റീന്‍, ടോയ്‌ലറ്റ്, ചുറ്റുമതില്‍, ഗെയ്റ്റ് ഹൗസ്, റോഡ്, പാര്‍ക്കിങ് ഏരിയ, ഓവുചാല്‍, മാലിന്യസംസ്‌കരണസംവിധാനം എന്നിവയാണ് ഇപ്പോള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഒരു ലേലപ്പുരയുടെ നിര്‍മാണം നേരത്തേ പൂര്‍ത്തിയായതാണ്. രണ്ടാമതായി 70 ലക്ഷം രൂപ ചെലവിലാണ് മറ്റൊരു ലേലപ്പുര നിര്‍മിക്കുന്നത്. ഇതിന്റെ പണി പുരോഗമിക്കുകയാണ്. റോഡ്, പാര്‍ക്കിങ് ഏരിയ എന്നിവ നിര്‍മിക്കാന്‍ 59.55 ലക്ഷം രൂപയാണ് ചെലവിടുന്നത്. കാന്റീന്‍, സ്റ്റോര്‍ നിര്‍മാണത്തിന് 54.20 ലക്ഷവും ചുറ്റുമതില്‍ നിര്‍മാണത്തിന് 48 ലക്ഷവും അഴുക്കുചാല്‍, മലിനീകരണപ്ലാന്റ് നിര്‍മാണത്തിന് 59 ലക്ഷം, ടോയ്‌ലറ്റിന് 31 ലക്ഷം, ഇലക്ട്രിക്കല്‍ പ്രവൃത്തിക്ക് 11.50 ലക്ഷം എന്നിവയും അനുവദിച്ചിട്ടുണ്ട്.

പരമ്പരാഗത തൊഴിലാളികള്‍ക്ക് വള്ളം അടുപ്പിക്കുന്നതിനുള്ള സൗകര്യമുണ്ടാക്കാന്‍ 9.25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. വാര്‍ഫിന്റെ മുന്‍വശം ആഴംകൂട്ടാന്‍ 80 ലക്ഷമായിരുന്നു വകയിരുത്തിയത്. ചുറ്റുമതില്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ടോയ്‌ലറ്റ്, ഗേറ്റ് ഹൗസ്, ഓവുചാല്‍ എന്നിവയുടെ പണി നടക്കുന്നുണ്ട്. ഹാര്‍ബര്‍ ഗ്രൗണ്ടില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാന്‍ രണ്ടടി ഉയരത്തില്‍ മണലോ ക്വാറി അവശിഷ്ടമോ ഉപയോഗിച്ച് നികത്തും. ഇതിന് 19 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ലേലപ്പുരയുടെ വടക്കുകിഴക്ക് ഭാഗത്ത് മിനി ജെട്ടി നിര്‍മിക്കുന്നുണ്ട്.

പരമ്പരാഗതതൊഴിലാളികള്‍ക്ക് വള്ളം അടുപ്പിക്കുന്നതിനാണിത്. ഏകദേശം 70 മീറ്റര്‍ നീളത്തില്‍ ജെട്ടി നിര്‍മിക്കും. ബോട്ടുകള്‍ അറ്റകുറ്റപ്പണിചെയ്യാന്‍ ഹാര്‍ബറിനായി നികത്തിയെടുത്ത സ്ഥലത്ത് സൗകര്യമൊരുക്കും. ഇതിനായി 30 മീറ്റര്‍ നീളത്തില്‍ ബോട്ട് യാര്‍ഡ് നിര്‍മിക്കും. ഇതിനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കും. ഹാര്‍ബര്‍ ബേസില്‍ മണലും ചെളിയും നിറഞ്ഞ് ആഴംകുറയുന്നുണ്ട്. വേലിയിറക്കസമയത്ത് ഹാര്‍ബറിലേക്ക് വരുന്ന ബോട്ടുകളുടെ അടിഭാഗം മണല്‍ത്തിട്ടയില്‍ തട്ടി അപകടമുണ്ടാവുന്നുണ്ട്. ഇതുപരിഹരിക്കാന്‍ ഡ്രഡ്ജിങ് നടത്താന്‍ നടപടിയെടുക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി. 64 കോടി രൂപയാണ് ഹാര്‍ബറിന് മൊത്തം ചെലവ്. കാപ്പാടുനിന്ന് ഹാര്‍ബര്‍വരെ എത്തിനില്‍ക്കുന്ന റോഡ് 250 മീറ്റര്‍കൂടി വടക്കുഭാഗത്തേക്ക് നീട്ടാനും പദ്ധതിയുണ്ട്. ഇതിന് 91 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ ചെയ്തിട്ടുണ്ട്.

Post a Comment

0 Comments