ലൈറ്റ് മെട്രോ പദ്ധതി വീണ്ടും അനിശ്ചിതത്വത്തിൽ: പുതുക്കിയ പഠന റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ലകോഴിക്കോട്: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി അടഞ്ഞ അധ്യായമാകുന്നു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനും ഇ. ശ്രീധരനും പിന്‍വാങ്ങിയതോടെ അനിശ്ചിതത്വത്തിലായ ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച് ഇതുവരെയും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. പദ്ധതി ഇനിയുണ്ടാകുമോയെന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്കും വ്യക്തതയില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് പുതുക്കിയ വിശദപഠന റിപ്പോര്‍ട്ട് കേന്ദ്രത്തിന് ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല. വിശദപഠന റിപ്പോര്‍ട്ട് പോലും നല്‍കാതെയാണ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാനം പരാതിപ്പെടുന്നതും. കഴിഞ്ഞവര്‍ഷം നവംബര്‍ 23-ന് വിശദപഠന റിപ്പോര്‍ട്ടില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചതാണ്. ഈ റിപ്പോര്‍ട്ടിന്റെ പോരായ്മകള്‍ പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ധന, പൊതുമരാമത്ത്, ഗതാഗത വകുപ്പ് സെക്രട്ടറിമാരടങ്ങിയ മൂന്നംഗ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിരുന്നു. എന്നാലിതുവരെയും ഈ സമിതി സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. വിശദപഠന റിപ്പോര്‍ട്ടില്‍ ആവശ്യമായ ഭേദഗതികള്‍ക്കു വേണ്ടി സമിതി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഡി.എം.ആര്‍.സി.യും ശ്രീധരനും പദ്ധതിയില്‍നിന്ന് പിന്മാറിയതോടെ ലൈറ്റ് മെട്രോ പദ്ധതിക്കു തന്നെ മങ്ങലേറ്റിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നടപടികളും. 2017 ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മെട്രോ നയം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നേരത്തേ സമര്‍പ്പിച്ചിരുന്ന വിശദപഠന റിപ്പോര്‍ട്ട് സംസ്ഥാനസര്‍ക്കാരിന് തിരിച്ചയച്ചത്. ഈ പഠന റിപ്പോര്‍ട്ട് പുതുക്കണമെന്നാവശ്യപ്പെട്ടായിരുന്നു തിരിച്ചയച്ചത്. ഇതനുസരിച്ചാണ് ഡി.എം.ആര്‍.സി. വിശദ പഠനറിപ്പോര്‍ട്ടില്‍ ഭേദഗതികള്‍ വരുത്തിയത്. 7100 കോടിയോളം രൂപയുടെ പദ്ധതിയില്‍ നിശ്ചിത ശതമാനം പണികള്‍ പൊതു-സ്വകാര്യപങ്കാളിത്തത്തോടെ നടപ്പാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. ഇതനുസരിച്ചാണ് വിശദപഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിന്മേലാണ് ഇതുവരെയും സര്‍ക്കാര്‍ തീരുമാനമെടുക്കാതെ നീട്ടുന്നത്. പുതുക്കിയ വിശദപഠനറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് മുന്നിലെത്തിയാല്‍ മാത്രമേ അനുമതി ലഭിക്കുകയുള്ളൂ.

മൂന്നംഗവിദഗ്ദ്ധസമിതിയുടെ ആവശ്യപ്രകാരം പതിനഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രോജക്ട് ഡയറക്ടര്‍ അജിത് പാട്ടീല്‍ പറഞ്ഞു. അതിനുശേഷം കമ്മിറ്റിയുടെ ശുപാര്‍ശയോടുകൂടി സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാര്‍ പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും അജിത് പാട്ടീല്‍ പറഞ്ഞു

Post a Comment

0 Comments