വടകരയിലെ റവന്യൂ ഡിവിഷൻ ഓഫീസ് ഈ മാസം അവസാനത്തോടെ


കോഴിക്കോട്:ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഈമാസം അവസാനത്തോെട വടകര അതിഥിമന്ദിരത്തിൽ ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് നിയുക്ത ആർഡിഒ വി പി അബ്ദുറഹ്മാൻ പറഞ്ഞു. ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ ഇതോടെ ജില്ലയിൽ രണ്ടു റവന്യുഡിവിഷനുകളായി. വടകര, കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ളവരാണ് വടകര ആർഡിഒവിന്റെ കീഴിൽവരിക. അതിഥി മന്ദിരത്തിന്റെ മുകൾ നിലയിൽ പൂർണ്ണമായും താഴത്തെ നിലയിലെ രണ്ട് മുറികളിലുമായാണ് ഓഫീസ് പ്രവർത്തിക്കുക. കോഴിക്കോട് നിർമ്മിതി കേന്ദ്രയുടെ നേതൃത്വത്തിൽ ഓഫീസിന്റെ നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്. 24 ജീവനക്കാരാണ് ആവശ്യമായിട്ടുള്ളത്.

ആർഡിഒയായി കാരപറമ്പ് സ്വദേശിയായ അബ്ദറഹ്മാൻ കഴിഞ്ഞമാസം ഒമ്പതിന് ചുമതലയേറ്റിട്ടുണ്ട്. സീനിയർ സുപ്രണ്ട്, ജൂനിയർ സുപ്രണ്ട്, യുഡി‐എൽഡി ക്ലർക്കുമാർ, ടൈപിസ്റ്റ്, അറ്റന്റർ എന്നിവരുടെ നിയമനത്തിനായുള്ള നടപടി ക്രമങ്ങൾ ഊർജ്ജിതമാക്കിയുട്ടുണ്ട്. ഓഫീസിലേക്കാവശ്യമായ ആറ് ജീവനക്കാരെ നിയമിക്കുന്നതിനും സർക്കാർ ഉത്തരാവായിട്ടുണ്ട്. ആർഡിഒയ്ക്ക് ജൂഡിഷ്യൽ അധികാരം കൂടി ഉള്ളതിനാൽ അദ്ദേഹം സബ്ഡിവിഷണൽ മജിസ്ട്രേട്ട കൂടിയാണ്. നല്ലനടപ്പുമായി ബന്ധപ്പെട്ട കേസുകളുടെ ഹിയറിങ് നടക്കുന്നത് ഇദ്ദേഹത്തിന് മുമ്പാകെയാണ്. കൂടാതെ വ്യക്തികളെ കാണാനില്ലന്ന പരാതി നൽകൽ, വൈകിയുള്ള ജനനമരണ രജിസ്ട്രേഷൻ, കെട്ടിടനികുതി അപ്പീൽ, ഭൂമി വിട്ടൊഴിയൽ, മുദ്രപത്രം റീഫണ്ട്, തണ്ണീർത്തട സംരക്ഷണം, കുന്നിടിക്കൽ തടയൽ എന്നിവ സംബന്ധിച്ച്  നടപടി സ്വീകരിക്കേണ്ടത് ആർഡിഒയാണ്. ഓഫീസ് ആരംഭിക്കുന്നതോടെ ഇരുതാലൂക്കുകളിലുള്ളവരുടെയും ആവശ്യങ്ങൾക്ക് എളുപ്പത്തിൽ പരിഹാരമാകും.

ജില്ലയിൽ രണ്ടുറവന്യുഡിവിഷൻ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമാണുള്ളത്.  ഓഫീസ് യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട് ആർഡി ഓഫീസിലെ ജോലിഭാരവും പകുതിയാവും.  വടകരയുടെ കിഴക്കൻ മേഖലയിലുള്ളവർക്കാണ് ഓഫീസിന്റെ പ്രയോജനം ഏറെ ഗുണകരമാവുക. ഇവിടെയുള്ളവർ അറുപതും എഴുപതും കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് കോഴിക്കോട്ടെ ഓഫീസിലെത്തിയിരുന്നത്. വടകരയിൽ ഓഫീസ്  പ്രവർത്തനമാരംഭിക്കുന്നതോടെ ഇതിന് പരിഹാരമാവും. കോഴിക്കോട്ടെ റവന്യു ഡിവിഷൻ ഓഫീസിൽ ഫയലുകൾ കെട്ടികിടക്കുന്നതിനാൽ പല ഫയലുകളും തീർപ്പുകൽപ്പിക്കാൻ കാലതമാസമെടുത്തിരുന്നു. വടകര, കൊയിലാണ്ടി താലൂക്കിന്റെ വിവിധഭാഗങ്ങളിൽ പ്രകൃതിക്ഷോഭങ്ങൾ പതിവായ സാഹചര്യത്തിൽ ആർഡി ഓഫീസ് ആരംഭിക്കാനുളള സർക്കാർ തീരുമാനം ജനങ്ങൾക്ക് ഒത്തിരി ആശ്വാസം പകരുന്നതാണ്

Post a Comment

0 Comments