കോഴിക്കോട്: ജനവാസകേന്ദ്രമായ വള്ള്യാട്, മണൽവയൽ, വെസ്റ്റ് കൈതപ്പൊയിൽ മേഖലയിൽകൂടി നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും ഭീഷണിയായി ചുരം ബൈപാസ് റോഡെന്ന പേരിൽ റോഡ് നിർമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് ജനവാസ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ചുരം ബൈപാസിന് ജനസാന്ദ്രത കുറഞ്ഞതും തോട്ടം മേഖലകളും ഉൾപ്പെടുത്തി റോഡ് പണിയുന്നതിന് പകരം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തുകൂടി റോഡ് നിർമിക്കാനുള്ള നീക്കം ദുരുദ്ദേശ്യപരമാണ്. നിലവിലുള്ള എട്ടു മീറ്റർ റോഡ് ഇരുപത് മീറ്ററായി വീതികൂട്ടിയാൽ റോഡിന് ഇരുവശത്തുമുള്ള മുപ്പത് വീടുകൾ പൂർണമായും നൂറോളം വീടുകൾ ഭാഗികമായും നഷ്ടപ്പെടും. കൂടാതെ നാൽപതോളം വ്യാപാര സ്ഥാപനങ്ങളും ഇല്ലാതാവും. ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ പദ്ധതി നടപ്പാക്കാൻ നിരവധി സാഹചര്യങ്ങൾ നിലനിൽക്കെ ജനവാസ കേന്ദ്രത്തിലൂടെമാത്രം പദ്ധതി നടപ്പാക്കാൻ ചിലർ വാശിപിടിക്കുകയാണ്.
ബൈപാസ് ആലോചന യോഗത്തിൽ നാട്ടുകാരിൽനിന്ന് ശക്തമായ പ്രതിഷേധമാണുയർന്നത്. ജില്ല, ബ്ലോക്ക് മെംബർമാരെ വിളിക്കാത്ത യോഗത്തിൽ ഭരണകക്ഷിയിലെ പാർട്ടി നേതാവാണ് അധ്യക്ഷത വഹിച്ചത്. ജനങ്ങൾക്ക് പദ്ധതിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ വിശദീകരിക്കാതെ സൗജന്യമായി ഭൂമി വിട്ടുനൽകുന്നതിനെ കുറിച്ചും ഭൂമിക്ക് വിലകൂടുന്നതിനെ കുറിച്ചുമാണ് യോഗത്തിൽ പ്രതിപാദിച്ചത്. ഇതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ യോഗത്തിൽനിന്ന് ഒറ്റക്കെട്ടായി ഇറങ്ങിപ്പോവുകയാണ് ചെയ്തത്. പദ്ധതിക്ക് പിന്നിൽ ഭൂമാഫിയകളുടെ ഇടപെടലുണ്ട്. പ്രദേശവാസികളുടെ സഹകരണമില്ലാത്തതിനെ തുടർന്ന് രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റി പ്രഹസനമായിരിക്കുകയാണ്. റോഡ് വികസനത്തിന് പ്രദേശവാസികൾ എതിരല്ലെന്നും എന്നാൽ, പാവപ്പെട്ടവരുടെ വീടും ഭൂമിയും നഷ്ടപ്പെടുത്തി, കുടിയിറക്കുന്ന രൂപത്തിലുള്ള വികസനത്തെയാണ് എതിർക്കുന്നതെന്നും ജനവാസ സമിതി അറിയിച്ചു. ചുരവുമായി ബന്ധപ്പെട്ട് നിരവധി ബദൽ പാത നിർദേശങ്ങൾ നിലനിൽക്കെ ബന്ധപ്പെട്ടവരെ അറിയിക്കാതെ തിടുക്കംകാട്ടി കൊണ്ടുവന്ന പദ്ധതിയുടെ പിന്നിൽ കച്ചവട താൽപര്യമാണ്. ഇതുസംബന്ധിച്ച് അധികൃതർക്ക് നിവേദനം നൽകാനും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവാനും ജനവാസ സമിതി തീരുമാനിച്ചു. വാർത്തസമ്മേളനത്തിൽ ചെയർമാൻ ബേബി കുപ്പോഴക്കൽ, സി.പി ഖാദർ, പി.കെ. മുഹമ്മദലി, എൻ. വത്സ, പി.കെ. നംഷീദ് എന്നിവർ സംബന്ധിച്ചു.
0 Comments