കോഴിക്കോട്: മൺസൂൺ കാലത്തിൻ മുന്നോടിയായി തുറമുഖത്ത് ഉരുക്കൾക്കുള്ള കടൽ യാത്രാനിയന്ത്രണം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. മർക്കൻറയിൽ മറൈൻ വകുപ്പ് ചട്ടപ്രകാരം മൺസൂണിൽ മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ചെറുകിട തുറമുഖങ്ങളിൽ വലിയ ജലയാനങ്ങൾക്ക് യാത്രാ നിയന്ത്രണമാണ്. ഇനിയുള്ള നാലുമാസക്കാലം ലക്ഷദ്വീപിലേക്ക് യന്ത്രവത്കൃത ഉരുക്കളിൽ ചരക്കുനീക്കമുണ്ടാകില്ല. ഈ കാലയളവിൽ ലക്ഷദ്വീപിലേക്ക് യാത്രാ കപ്പലുകളും സർവിസുണ്ടാകില്ല.
എന്നാൽ, ഈ സമയം കണ്ടെയ്നറുകൾക്കും വലിയ ചരക്കു കപ്പലുകൾക്കും തുറമുഖത്ത് നിരോധനമേർപ്പെടുത്തിയിട്ടില്ല. നിരോധനസമയം കൂടുതൽ കെണ്ടയ്നർ ചരക്കുകപ്പലുകൾ തുറമുഖത്ത് എത്തിക്കാനും ഗേറ്റ് സീ വേമ്പനാട്, എം.വി കരുതൽ എന്നീ കണ്ടെയ്ർ കപ്പലുകളിൽ കൊച്ചി, ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിൽനിന്ന് പതിവായി സർവിസ് തുടരാനും തൊഴിലാളികളുടെ തൊഴിൽലഭ്യത ഉറപ്പാക്കാനും തുറമുഖ വകുപ്പ് പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അവസാനമായി 31 കണ്ടെയ്നറുകളുമായി ഗ്രേറ്റ് സീ വേമ്പനാട് എന്ന ചരക്കുകപ്പലാണ് ബേപ്പൂർ തുറമുഖത്തെത്തിയത്. യാത്രാ കപ്പലുകളുടെ സർവിസ് നിലക്കുമെങ്കിലും ഇത്തവണ കൂടുതൽ ചരക്കു കപ്പലുകളും കണ്ടെയ്നർ കപ്പലുകളും തുറമുഖത്ത് അടുപ്പിക്കുന്നതിനു അധികൃതർ ശ്രമം നടത്തുന്നുണ്ട്. മൺസൂണിൽ ലക്ഷദ്വീപ് ഡെവലപ്മെന്റ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള എം.വി ലക്കഡീവ്സ്, ഉബൈദുല്ല, തിന്നക്കര, ചെറിയം, ഏലികൽപ്പേനി, സാഗർ യുവരാജ്, സാഗർ സാമ്രാജ് എന്നീ ചരക്കുകപ്പലുകളിലാണ് ദ്വീപിലേക്കുവേണ്ട അവശ്യ വസ്തുക്കളും ഇന്ധനവും മറ്റു നിർമാണ സാമഗ്രികളും എത്തിക്കുന്നത്. ആൾത്താമസമുള്ള 12 ചെറുദ്വീപുകളടങ്ങിയ ലക്ഷദ്വീപിലേക്ക് വൻകരയിൽനിന്ന് ഉരുക്കൾ മുഖേനയാണ് പ്രധാനമായും ചരക്കുനീക്കം. ലക്ഷദ്വീപിലേക്ക് നിത്യോപയോഗ സാധനങ്ങളും പാചകവാതകവും ഡീസലും കൊണ്ടുപോകുന്ന ചരക്കുകപ്പലുകള്‍ക്ക് നിരോധനം ബാധകമല്ല.
കാലവര്‍ഷം സാധാരണക്കാരായ ലക്ഷദ്വീപുകാരെ ഏറെ ബുദ്ധിമുട്ടിലാക്കും. എന്നാൽ, യാത്രക്കപ്പലുകളില്ലാത്തതിനാൽ സെപ്റ്റംബര്‍ 15വരെ സ്വന്തംനിലക്ക് ചരക്കുകൾ കൊണ്ടുപോകാനാകില്ല. ലക്ഷദ്വീപിനും വൻകരക്കുമിടയിൽ ഏതാണ്ട് 130 ഉരുക്കൾ സർവിസ് നടത്തുന്നുണ്ട്. ഇവക്കെല്ലാം ഇനി വിശ്രമകാലമാണ്. വരും ദിവസങ്ങളിൽ തുറമുഖത്തെത്തുന്ന ഉരുക്കൾ ചരക്കിറക്കിയ ശേഷം ചാലിയാറിലെ സുരക്ഷിത സ്ഥലങ്ങളിൽ നങ്കൂരമിടും. ബേപ്പൂരിനു പുറമെ മംഗളൂരു തുറമുഖം വഴിയും ലക്ഷദ്വീപിലേക്ക് വലിയതോതിൽ ചരക്കുനീക്കമുണ്ടെങ്കിലും മൺസൂണിൽ മംഗളൂരു തുറമുഖവും അടച്ചിടും. നിയന്ത്രണം മൂലം ഉരുമാർഗമുള്ള ചരക്കുനീക്കം നിലക്കുന്നതു തൊഴിൽമാന്ദ്യം നേരിടുമെന്ന ആശങ്കയിലാണ് തുറമുഖത്തെ കയറ്റിറക്ക് തൊഴിലാളികൾ.
0 Comments