കോഴിക്കോട് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കും




കോഴിക്കോട്: നിപ ഭീതിയില്‍ കഴിയുന്ന ജനങ്ങളെ രോഗലക്ഷണം, രോഗവ്യാപനം, പ്രതിരോധനടപടികള്‍, മുന്‍കരുതല്‍ തുടങ്ങിയ കാര്യങ്ങളില്‍ ബോധവത്കരിക്കാനും ശരിയായ വിവരങ്ങള്‍ നല്‍കി ആശങ്ക അകറ്റാനും നടപടി വേണമെന്ന് സര്‍വകക്ഷിയോഗത്തില്‍ തീരുമാനം. മാലിന്യം കെട്ടിക്കിടക്കുന്ന ജില്ലയിലെ എല്ലാഭാഗങ്ങളില്‍നിന്നും ഇത് നീക്കി പരിസരം ശുചീകരിക്കാന്‍ കൂട്ടായ പ്രവര്‍ത്തനം നടത്തും. രാഷ്ട്രീയപ്പാര്‍ട്ടികളും തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും റെസിഡന്റ്‌സ് അസോസിയേഷനുകളും ചേര്‍ന്ന് വാര്‍ഡ്, അയല്‍ക്കൂട്ട തലത്തില്‍ ശുചീകരണ, ബോധവത്കരണ പ്രവര്‍ത്തനം നടത്തും. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, എം.പി.മാരായ മുല്ലപ്പള്ളിരാമചന്ദ്രന്‍, എം.കെ. രാഘവന്‍, ജില്ലയിലെ എം.എല്‍.എ.മാര്‍ എന്നിവര്‍ പങ്കെടുത്ത സര്‍വകക്ഷിയോഗത്തിലാണ് ഇത് തീരുമാനിച്ചത്.

കോഴിക്കോട് വൈറോളജി ലാബ് ഇല്ലെന്ന പോരായ്മ പരിഹരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ട്. 2015-ല്‍ ഇതിനായി ഒരു പ്രോജക്ട് തയ്യാറാക്കിയിരുന്നു. പക്ഷേ, നടപ്പായില്ല. രണ്ടുവര്‍ഷത്തിനകം പുതിയ ലാബ് സജ്ജമാക്കാന്‍ സാധിക്കുമെന്ന് മന്ത്ര ശൈലജ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ വിദഗ്ധസംഘം നിര്‍ദേശിച്ച സ്ഥലത്താണ് ഐസൊലേഷന്‍ വാര്‍ഡ് തുടങ്ങുന്നത്. ഇതേപോലെ പ്രമുഖ സ്വകാര്യആസ്​പത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തുടങ്ങും. നിപ മൂലം മരിച്ച കൂരാച്ചുണ്ടിലെ രാജന്റെ കുടുംബത്തിന്റെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചില്ലെന്ന പരാതി ശരിയല്ല. രോഗലക്ഷണം ഉണ്ടെങ്കില്‍മാത്രമേ സ്രവം പരിശോധനയ്ക്ക് അയക്കേണ്ടതുള്ളൂ. അവരെ നിരീക്ഷിക്കുന്നുണ്ട്. ആസ്​പത്രികളില്‍ ഗ്ലൗസ്, മാസ്‌ക് തുടങ്ങിയ അടിസ്ഥാന സുരക്ഷാഉപകരണങ്ങളുടെ കുറവില്ല. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരം പരത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കും. രണ്ട് പേര്‍ക്കെതിരേ ഇതിന് കേസെടുത്തിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിപയെന്ന് ബോധ്യപ്പെട്ടതുമുതല്‍ സംസ്ഥാന, കേന്ദ്ര ആരോഗ്യവകുപ്പുകള്‍ കാണിച്ച ശുഷ്‌കാന്തി പ്രശംസനീയമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ആസ്​പത്രികളില്‍ അരാജകമായ സാഹചര്യം ഉണ്ടാക്കുന്ന സ്ഥിതി ഒഴിവാക്കാന്‍ റഫറല്‍ സമ്പ്രദായം കാര്യക്ഷമമാക്കണം. പി.എച്ച്.സി.കള്‍ ഉള്‍പ്പെടെ എല്ലാ ആസ്​പത്രികളിലും പനിക്ലിനിക്കുകള്‍ സജ്ജമാക്കണമെന്ന് മുല്ലപ്പള്ളി പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വിപത്ത് നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് എം.കെ. രാഘവന്‍ പറഞ്ഞു. ആരോഗ്യവിഭാഗം ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് രാഘവന്‍ പറഞ്ഞു. മഴയ്ക്കുമുന്‍പേ ഇനി കൃത്യമായ മുന്‍കരുതല്‍വേണം. അന്ത്യകര്‍മത്തിനുള്‍പ്പെടെ കൃത്യമായ മാര്‍ഗനിര്‍ദേശം ഉണ്ടാക്കിയ ജില്ലാഭരണകൂടത്തിന്റെ നടപടി പ്രശംസനീയമാണെന്ന് എം.കെ. മുനീര്‍ എം.എല്‍.എ.പറഞ്ഞു. ചെക്യാട് നിപ ബാധിച്ച് മരിച്ച അശോകന് രോഗം പിടിപ്പെട്ടത് എവിടുന്നെന്ന ആശങ്ക ദൂരീകരിക്കണമെന്ന് ഇ.കെ. വിജയന്‍ എം.എല്‍.എ. പറഞ്ഞു. എം.എല്‍.എ. മാരായ എ. പ്രദീപ്കുമാര്‍, സി.കെ. നാണു, വി.കെ.സി. മമ്മദ്‌കോയ, പി.ടി.എ. റഹീം, പുരുഷന്‍ കടലുണ്ടി, കെ. ദാസന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സി.പി.എം. ജില്ലാസെക്രട്ടറി പി. മോഹനന്‍, ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ദിഖ്, മുസ്ലിംലീഗ് ജില്ലാപ്രസിഡന്റ് ഉമ്മര്‍പാണ്ടികശാല, ബി.ജെ.പി.ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, സി.പി.ഐ. അസി.സെക്രട്ടറി എം. നാരായണന്‍, കേരളകോണ്‍ഗ്രസ് (എം)ജില്ലാപ്രസിഡന്റ് ടി.എം. ജോസഫ്, ജനതാദള്‍(യു) ശരദ് യാദവ് വിഭാഗം ജില്ലാപ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, എന്‍.സി.പി. ജില്ലാപ്രസിഡന്റ് മുക്കം മുഹമ്മദ്,  ജനതാദള്‍(എസ്) ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ, കോണ്‍ഗ്രസ് എസ്. ജില്ലാപ്രസിഡന്റ് കെ. സത്യചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇതുവരെ കൈക്കൊണ്ട നടപടികള്‍ കളക്ടര്‍ യു.വി. ജോസ് വിശദീകരിച്ചു.

Post a Comment

0 Comments