ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി പേരാമ്പ്ര ടൗണ്‍



കോഴിക്കോട്: ഗതാഗതക്കുരുക്കില്‍ പേരാമ്പ്ര ടൗണ്‍ വീര്‍പ്പുമുട്ടുന്നു. നിത്യേന നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ഈ അങ്ങാടി ഗതാഗതക്കുരുക്കഴിക്കാന്‍ കൊണ്ടുവന്ന ബദല്‍നിര്‍ദേശങ്ങളൊക്കെ തര്‍ക്കങ്ങളിലും രാഷ്ട്രീയസമ്മര്‍ദങ്ങളുടെയും ഫലമായി ഊരാക്കുടുക്കിലുമാണ്. ശനിയാഴ്ച പകല്‍ ഏതാണ്ട് മുഴുവന്‍ സമയവും ഗതാഗതം തടസ്സപ്പെട്ട നിലയിലായിരുന്നു. വൈകീട്ട് 5.45 മുതല്‍ അരമണിക്കൂര്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസുകളെ പേരാമ്പ്ര ടൗണില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് വല്ലാതെ വലയ്ക്കുന്നു. മണിക്കൂറുകളോളം തിരക്കില്‍ കുടുങ്ങിക്കിടക്കുന്നത് കാരണം കൃത്യസമയത്ത് ബസ് സര്‍വീസുകള്‍ നടത്താനോ അനുവദിച്ച ട്രിപ്പുകള്‍ തികയ്ക്കാനോ കഴിയുന്നില്ല. സമയക്രമങ്ങള്‍ പാടെ തെറ്റിച്ചാണ് കെ.എസ്.ആര്‍.ടി.സി. ബസുകള്‍പോലും ഓടിയെത്തുന്നത്.

പേരാമ്പ്ര ബൈപ്പാസ് നിര്‍മാണം നീണ്ടകാലത്തെ നിയമപോരാട്ടങ്ങളൊക്കെ അവസാനിച്ച് യാഥാര്‍ഥ്യമാവുന്നു എന്ന ഘട്ടത്തിലെത്തിയപ്പോള്‍ വീണ്ടും അലൈന്‍മെന്റില്‍ അനാവശ്യമാറ്റങ്ങള്‍ വരുത്തി പുതിയ നിയമയുദ്ധത്തിന് അധികൃതര്‍ വഴിമരുന്നിട്ടിരിക്കുകയാണ്. പേരാമ്പ്രയിലെ ഭൂമാഫിയാസംഘങ്ങളും ചില ഉദ്യോഗസ്ഥരുമാണ് ഇതിന്റെപിന്നില്‍. നേരത്തെ ബൈപ്പാസിനുവേണ്ടി എറ്റെടുക്കാന്‍ തീരുമാനിച്ച സ്ഥലം ഈയിടെ ചുളുവിലയില്‍ കൈമാറ്റംചെയ്യപ്പെട്ടിരുന്നു. ൈബപ്പാസിനുവേണ്ടി ഏറ്റെടുക്കുമെന്ന് ധരിപ്പിച്ചാണ് ചിലര്‍ വിലകുറച്ച് ഭൂമികൈക്കലാക്കിയത്. ഇനി പഴയ അലൈന്‍മെന്റ് മാറ്റിക്കിട്ടിയാല്‍ സ്ഥലം ഇരട്ടിയിലധികം തുകയ്ക്ക് വില്‍ക്കാന്‍ കഴിയുമെന്നതിനാലാണ് നിര്‍ദിഷ്ട ബൈപ്പാസ് അലൈന്‍മെന്റില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മാറ്റംവരുത്തിയതെന്നാണ് പ്രധാന ആരോപണം. ബൈപ്പാസ് നിര്‍മാണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ യു.ഡി.എഫും ചില ബഹുജന സംഘടനകളും സമരപരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. പുതുതായി സ്ഥലംവിട്ടുകൊടുക്കേണ്ടിവരുന്ന ഭൂവുടമകള്‍ നിയമപോരാട്ടങ്ങള്‍ക്കും ഒരുങ്ങുന്നു.

ബൈപ്പാസ് നിര്‍മാണം നീണ്ടുപോകുന്ന സാഹചര്യത്തില്‍ പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് മുന്‍കൈയെടുത്ത് ടൗണില്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍, അവയൊക്കെ അധികംവൈകാതെ ഇല്ലാതായി. പോലീസും വ്യാപാരികളും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളും ഒന്നിച്ചിരുന്നെടുത്ത തീരുമാനങ്ങള്‍ ഒന്നൊന്നായി അട്ടിമറിക്കപ്പെടാന്‍ പോലീസിന്റെ നിസ്സംഗതയാണ് പ്രധാനകാരണമായി പറയുന്നത്. പേരാമ്പ്ര പോലീസ് സ്റ്റേഷനുമുന്നിലൂടെ വരുന്ന വാഹനങ്ങള്‍ മെയിന്‍ റോഡിലേക്ക് പ്രവേശിക്കുന്നത് തടയുക, ടൗണില്‍ പാര്‍ക്കുചെയ്യുന്ന ബൈക്കുകള്‍ റോഡിന്റെ ഒരുവശത്തുമാത്രം പാര്‍ക്ക് ചെയ്യുക, നിര്‍ദിഷ്ട സ്റ്റോപ്പുകളില്‍നിന്നുമാത്രം ബസുകള്‍ യാത്രക്കാരെ കയറ്റിയിറക്കുക, തിരക്കുള്ള സമയങ്ങളില്‍ മെയിന്റോഡില്‍ ചരക്കുലോറികള്‍ നിര്‍ത്തി കടകളില്‍ സാധനങ്ങള്‍ ഇറക്കാതിരിക്കുക, റോഡ് ഓരങ്ങളില്‍ സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിങ് തടയുക തുടങ്ങിയ നിര്‍ദേശങ്ങളാണ് യോഗം മുന്നോട്ടുവെച്ചത്. അതുപോലെ പ്രകടനങ്ങള്‍, റോഡില്‍ കമാനങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതൊന്നും കര്‍ശനമായി പാലിക്കപ്പെടുന്നില്ല. നിയമലംഘനങ്ങള്‍ തടയാന്‍ നടപടിയുണ്ടായാല്‍ത്തന്നെ ഗതാഗതക്കുരുക്കിന് വലിയ അളവില്‍ പരിഹാരം ഉണ്ടാവുമെന്ന് ടൗണിലെ വ്യാപാരികള്‍ പറയുന്നു.

Post a Comment

0 Comments