അർബൻ വാട്ടർ ലൂപ് പദ്ധതി:തീരുമാനം ജനത്തിന് വിട്ടുകൊടുത്തുകോഴിക്കോട്: നഗരത്തിന്റെയും നഗരവാസികളുടെയും സ്വപ്നമായ കനോലി– കല്ലായിപ്പുഴ നവീകരണ പദ്ധതി പൊതുജനത്തിനു മുന്നിലേക്ക്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന അർബൻ വാട്ടർ ലൂപ് പദ്ധതിയാണ് നഗരവാസികൾ കണ്ടുമനസ്സിലാക്കിയത്. റീജനൽ ടൗൺ പ്ലാനിങ് ഓഫിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ നൂറിലധികം പേർ പദ്ധതി പരിശോധിച്ചു. വിവിധ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നുമായി 42 നിർദേശങ്ങളും ലഭിച്ചു. എം.കെ. മുനീർ എംഎൽഎ, കലക്ടർ യു.വി. ജോസ്,  റീജനൽ ടൗൺ പ്ലാനർ കെ.വി. അബ്ദുൽ മാലിക് എന്നിവർ ജനങ്ങളുമായി ആശയവിനിമയം നടത്തി.

കോരപ്പുഴ, കനാൽ, കല്ലായിപ്പുഴ– ബീച്ച് എന്നിവയുൾപ്പെടുത്തി തയാറാക്കുന്ന ജല ടൂറിസം പദ്ധതി നേരത്തേ മേയർ തോട്ടത്തിൽ രവീന്ദ്രന്റെയും എംഎൽഎമാരായ എ. പ്രദീപ്കുമാർ, എം.കെ. മുനീർ എന്നിവരുടെയും മുന്നിൽ അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യട്ട് ഓഫ് ആർക്കിടെക്റ്റ്സ്, എംഇഎസ് ആർക്കിടെക്ചർ കോളജ്, കെഎംസിടി ആർക്കിടെക്ചർ കോളജ് എന്നിവർ ചേർന്നു തയാറാക്കിയിരിക്കുന്ന പദ്ധതികളാണ് പൊതുജനം വിലയിരുത്തി നിർദേശങ്ങളും പരാതികളും സമർപ്പിച്ചിരിക്കുന്നത്.


അർബൻ വാട്ടർ ലൂപ് പദ്ധതിയെ ടൗൺ ആൻഡ് കൺട്രി പ്ലാനിങ് ആക്ടിനു കീഴിൽ കൊണ്ടുവന്ന് നിയമപരിരക്ഷ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ സർക്കാരോ ഉദ്യോഗസ്ഥരോ മാറിയാലും പദ്ധതി നടപ്പാക്കാനാകും. ഇതിന്റെ ഭാഗമായാണ് ഇന്നലെ പൊതുജനങ്ങളുടെ നിർദേശങ്ങളും പരാതികളും ശേഖരിച്ചത്. ഇവകൂടി പരിഗണിച്ച് അന്തിമ പദ്ധതിക്കു രൂപം നൽകുകയും അത് കോർപറേഷനു സമർപ്പിക്കുകയും ചെയ്യുമെന്ന് റീജനൽ ടൗൺ പ്ലാനർ കെ.വി. അബ്ദുൽ മാലിക് അറിയിച്ചു. ഇതു സർക്കാരിന്റെ പരിഗണനയ്ക്ക് അയയ്ക്കാനായി കോർപറേഷൻ കൗൺസിൽ പ്രമേയം പാസാക്കുകയാണ് പിന്നീടു വേണ്ടത്. അതിനുശേഷം വീണ്ടും ജനങ്ങളുടെ പരാതികളും നിർദേശങ്ങളും സ്വീകരിച്ചിട്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്.

Post a Comment

0 Comments