വടകര ആർഡിഒ ഓഫിസ് 25ന് പ്രവർത്തനം തുടങ്ങും



കോഴിക്കോട്:ഏറെ നാളത്തെ മുറവിളിക്കു ശേഷം വടകര കേന്ദ്രമായുള്ള ആർഡിഒ ഓഫിസ് 25നു പഴയ റെസ്റ്റ് ഹൗസ് ബ്ലോക്കിൽ പ്രവർത്തനം തുടങ്ങും. നിർദിഷ്ട റവന്യൂ ടവർ പണിയുന്നതു വരെ ഇവിടെ പ്രവർത്തിക്കുന്ന ഓഫിസിൽ ആർഡിഒ ഉൾപ്പെടെ 24 ജീവനക്കാരെ അനുവദിച്ചിട്ടുണ്ട്. റെസ്റ്റ് ഹൗസിന്റെ പഴയ കെട്ടിടത്തിൽ കോടതി മുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് സജ്ജമാക്കുന്നത്. വടകര, കൊയിലാണ്ടി താലൂക്കിൽ ആർഡിഒ കോടതിയിലേക്കു വരുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇവിടെ പരിഹാരമുണ്ടാക്കും.

നേരത്തേ ഇത്തരം ആവശ്യത്തിന് കോഴിക്കോട് പോകേണ്ട ഗതികേട് ഒഴിവാക്കാനാണ് വടകരയിൽ ആർഡിഒ ഓഫിസ് തുടങ്ങണമെന്ന ആവശ്യമുയർന്നത്. മലയോര മേഖല ഉൾപ്പെടെയുള്ള ജനങ്ങളും ജനപ്രതിനിധികളും നിരന്തരം ഉന്നയിക്കുന്ന ആവശ്യത്തിന് പച്ചക്കൊടി കാട്ടിയെങ്കിലും ഇതു മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റാൻ ശ്രമമുണ്ടായി. ഇതേ തുടർന്ന് വടകരയിൽ നിലനിർത്തണമെന്ന ആവശ്യം സി.കെ. നാണു എംഎൽഎ ഉന്നയിച്ചതിനെ തുടർന്നാണ് റെസ്റ്റ് ഹൗസിൽ താൽക്കാലിക ഓഫിസ് ഒരുങ്ങുന്നത്. ക്രമസമാധാന പ്രശ്നത്തിനു പുറമെ ഭൂമി സംബന്ധമായ തർക്കങ്ങളാണ് ആർഡിഒ ഓഫിസിന്റെ പരിധിയിൽ പ്രധാനമായും വരുന്നത്. 25നു മന്ത്രി ഇ. ചന്ദ്രശേഖരൻ നായർ ഓഫിസ് ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടന നടത്തിപ്പിന് നഗരസഭാധ്യക്ഷൻ കെ. ശ്രീധരൻ (ചെയർമാൻ), ആർഡിഒ വി.പി. അബ്ദുറഹിമാൻ (കൺവീനർ) എന്നിവർ ഭാരവാഹികളായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ സി.കെ. നാണു എംഎൽഎ അധ്യക്ഷത വഹിച്ചു. തഹസിൽദാർ പി.കെ. സതീഷ് കുമാർ, ഡപ്യൂട്ടി തഹസിൽദാർ കെ. രവീന്ദ്രൻ, നഗരസഭാ ഉപാധ്യക്ഷ പി. ഗീത എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments