വെള്ളയിൽ കടപ്പുറം ശുചീകരണം ;ആദ്യഘട്ടം പൂർത്തിയായി, രണ്ടാംഘട്ടം വെള്ളിയാഴ്ച്ച

വെള്ളയിൽ ഹാർബർ പരിസരം

കോഴിക്കോട്:മഴക്കാല രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി വെള്ളയിൽ കടപ്പുറത്ത് ശുചീകരണം നടത്തി. ഇന്നലെ രാവിലെ എട്ടോടെയാണ് മണ്ണുമാന്തി യന്ത്രങ്ങളുമായി ശുചീകരണജോലിക്കാർ കടപ്പുറത്തെത്തിയത്. വെള്ളം കെട്ടിക്കിടന്ന ബോട്ടുകൾ മറിച്ചിട്ട് അതിലെ വെള്ളം ഒഴിവാക്കുകയും വെള്ളം നിറഞ്ഞുകിടന്ന മീൻപെട്ടികൾ നീക്കം ചെയ്യുകയും ചെയ്തു. സമീപത്തെ കുറ്റിക്കാടുകളും വെട്ടിത്തെളിച്ചു. നഗരസഭ, ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, ഹാർബർ എൻജിനീയറിങ്ങ്, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലാണ് ശുചീകരണം നടന്നത്. വിവിധ മൽസ്യത്തൊഴിലാളി സംഘനടകളും നാട്ടുകാരും ശുചീകരണത്തിൽ പങ്കെടുത്തു. ബോട്ടുകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പും നഗരസഭയും ആഴ്ചകൾക്കുമുൻപ് നോട്ടിസ് നൽകിയിരുന്നു.

സംയുക്ത യോഗത്തിൽ തീരുമാനിച്ച പ്രകാരമാണ് നോട്ടിസ് നൽകിയത്. ബോട്ടുകളിൽ നോട്ടിസ് പതിക്കുകയും ചെയ്തിരുന്നു. ബോട്ടുകൾ നീക്കാനാവശ്യപ്പെട്ട കാലാവധി വ്യാഴാഴ്ച സമീപിച്ചു. തുടർന്നാണ് ഇന്നലെ അധികൃതർ മണ്ണുമാന്തി യന്ത്രങ്ങളുമായെത്തിയത്. രാവിലെ എട്ടുമണിക്കു തുടങ്ങിയ ശുചീകരണം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അവസാനിച്ചത്. ഹാർബറിലെ കച്ചവടക്കാരോട് അനാവശ്യമായ പെട്ടികൾ എടുത്തുമാറ്റാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇനിയും മാറ്റാത്ത പെട്ടികൾ രണ്ടാംഘട്ട ശുചീകരണത്തിൽ വൃത്തിയാക്കും. വെള്ളിയാഴ്ചയാണ് രണ്ടാംഘട്ട ശുചീകരണം. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി.ബാബുരാജ്, നഗരസഭയുടെ വെള്ളയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ.സത്യൻ, നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ കെ.ശിവദാസ് തുടങ്ങിയവർ നേതൃത്വം നൽകി. ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയർ, മന്തുരോഗ വിഭാഗം സീനിയർ ബയോളജിസ്റ്റ്, നഗരസഭാ ജീവനക്കാർ‍,, ഹാർബർ എൻജിനീയറിങ്ങ് വിഭാഗം തുടങ്ങിയവരും ശുചീകരണത്തിനു നേതൃത്വം നൽകി.

Post a Comment

0 Comments