കോഴിക്കോട്:നിര്‍ദ്ദിഷ്ട്ട താമരശേരി ചുരം ബൈപാസ് റോഡ് യാഥാര്‍ത്ഥ്യമാക്കുന്നതിന് ഉന്നതല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സാധ്യതാ പരിശോധന നടത്തി. പുതുപ്പാടിയില്‍ 26ാം മൈലില്‍ നിന്നാരംഭിച്ച് മണല്‍വയല്‍, വളള്യാട്, മൂപ്പന്കുഴിയിലൂടെ ചുരം ഏഴാം വളവിലെത്തി അവിടെ നിന്ന് തുരങ്ക പാതയിലൂടെ വൈത്തിരിയിലെത്തുന്നതാണ് നിര്‍ദ്ദിഷ്ട ബൈപാസ് റോഡ്. നിലവിലുള്ള റോഡിനേക്കാള്‍ ദൂരം കുറവുള്ളതും ഹെയര്‍ പിന് വളവുകളില്ലാത്തതുമാണ് ഈ റോഡ്. ഡെപ്യൂട്ടി കളക്ടര്‍ ഉണ്ണികൃഷ്ണന്, ഡിഎഫ്ഒ സുനില്‍കുമാര്‍, ദേശീയ പാത വിഭാഗം എക്സി.എൻജിനിയര്‍ വിനയരാജ്, സിപിഎം വയനാട് ജില്ലാ സെക്രട്ടി പി. ഗഗാറിന് , ആക്ഷന്‍ കമ്മിറ്റി ചെയര്മാന് ഗിരീഷ് ജോണ്‍ , കണ്‍വീനര്‍ ഇ.കെ.വിജയന് , ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്മാന്മാരായ മാക്കണ്ടി മുജീബ്, എം.ഇ. ജലീല്‍ , ഐബി റെജി, ബ്ലോക്ക് പഞ്ചായത്തംഗം സോബിജോസ് ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ. ഷൈജല്‍, പി.വി.മുരളീധരന് എന്നിവരും ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും തദ്ദേശ വാസികളും പരിശോധനയില്‍ സംബന്ധിച്ചു.
നിർദിഷ്ട റോഡിന് 10 സെന്റ് വനഭൂമി മാത്രമാണ് ആവശ്യമായിവരുന്നത്. ഭൂമി അളന്ന് തിട്ടപ്പെടുത്താനും ശേഷിക്കുന്ന ദൂരം വീതി കൂട്ടിയോ ടണല്‍ നിര്‍മിച്ചോ സൗകര്യപ്പെടുത്താനും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്ന് അനുമതി തേടാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഡിഎഫ്ഒ വ്യക്തമാക്കി.റോഡിന്റെയും പാലങ്ങളുടെയും നിർമാണത്തിന് പാരിസ്ഥിതിക പഠനം നടത്താനും ഭൂമി അളന്ന് തിട്ടപ്പെടുത്താനും പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. റോഡിന്റെ വിശദ പരിശോധനയ്ക്കും റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും പ്രത്യേക ഏജന്‍സിയെ ചുമതലപ്പെടുത്തുമെന്ന് ദേശീയ പാത വിഭാഗം എക്സി.എൻജിനിയര്‍ അറിയിച്ചു. ബൈപാസ് നിര്‍മാണം നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു. ഈ പാത നിലവില്‍ വരുന്നതോടെ ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
0 Comments