ആസിമിന്റെ പോരാട്ടം വിജയിച്ചു; തുടർപടനത്തിൻ അവന്റെ സ്കൂളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സൗകര്യമൊരുക്കാൻ ഹൈക്കോടതി ഉത്തരവ്



 വിധി പരിശോധിച്ച് അടിയന്തരനടപടി സ്വീകരിക്കും -ഡി.പി.ഐ

കോഴിക്കോട്: 90% വൈകല്യമുള്ള പന്ത്രണ്ടുകാരൻ ആസിം പഠിക്കാനുള്ള തന്റെ അവകാശം പൊരുതിനേടി. അവന്റെ ആഗ്രഹങ്ങൾക്കൊപ്പം ഒരു നാടുമുഴുവൻ നിന്നപ്പോൾ അവന്റെ സ്വപ്നത്തിന് അതിരിടാൻ ഒരു ചുവപ്പുനാടയ്ക്കുമായില്ല. വെളിമണ്ണ ഗവ. മാപ്പിള യു.പി.സ്കൂൾ വിദ്യാർഥി വെളിമണ്ണ ആലത്തുകാവിൽ മുഹമ്മദ് ആസിമിനാണ് അതേ സ്കൂളിൽ എട്ടാംതരത്തിൽ തുടർന്നുപഠിക്കാൻ രണ്ടാഴ്ചയ്ക്കുള്ളിൽ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സ്കൂൾ അപ്ഗ്രഡേഷനുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയിൽവന്ന 134 ഹർജികളിൽ 133 എണ്ണവും തള്ളിയപ്പോഴാണ് ആസിമിനായുള്ള ഹർജിയിൽ അനുകൂലവിധിയുണ്ടായത്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരംവേണ്ട മൂന്നുകിലോമീറ്റർ ദൂരപരിധിയിൽ പ്രദേശത്ത് ഹൈസ്കൂളുകൾ ഇല്ലെന്ന ഹർജിക്കാരുടെ വാദം ശരിവെച്ചുകൊണ്ടാണ് അനിൽ കെ. നരേന്ദ്രന്റെ സിംഗിൾബെഞ്ച് വിധി പ്രസ്താവിച്ചത്.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക്‌ കാലുകൊണ്ട് കത്തെഴുതി മൂന്നുവർഷംമുമ്പ് വെളിമണ്ണ എൽ.പി. സ്കൂളിനെ യു.പി.സ്കൂളായി ഉയർത്താൻ നിമിത്തമായ ആസിം, തുടർപഠനത്തിന് വഴിതേടിയാണ് ഇത്തവണ കോടതിയെ സമീപിച്ചത്. ഹൈസ്കൂളായി ഉയർത്താൻ ആവശ്യമായ സ്ഥലം വിട്ടുനൽകാനും ഭൗതിക സൗഹചര്യമൊരുക്കാനും നാട്ടുകാരും പി.ടി.എ.യുമെല്ലാം സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ, വിദ്യാഭ്യാസവകുപ്പും സംസ്ഥാനസർക്കാരും അനുകൂല നിലപാടല്ല സ്വീകരിച്ചത്. സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവും വിലയ്ക്കെടുത്തില്ല. സ്‌കൂൾ മാപ്പിങ്ങിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ ആവശ്യകത കണ്ടെത്തിയ പ്രദേശങ്ങളുടെ കൂട്ടത്തിൽ ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രദേശം ഉൾപ്പെട്ടില്ലെന്നായിരുന്നു അപേക്ഷ നിരാകരിക്കുന്നതിനുള്ള സർക്കാരിന്റെ ന്യായീകരണം. തുടർന്നാണ് ആസിമിന്റെ പിതാവ് മുഹമ്മദ് ശഹീദ്, സ്കൂൾ പി.ടി.എ. പ്രസിഡൻറ് മുഹമ്മദ് അബ്ദുൾ റഷീദ്, സ്കൂൾ അപ്ഗ്രഡേഷൻ ആക്ഷൻകമ്മിറ്റി ആക്ടിങ് ചെയർമാൻ സർതാജ് അഹമ്മദ് എന്നിവർചേർന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഈ സ്കൂളിൽ എട്ടാംക്ലാസ് അനുവദിക്കേണ്ടെന്നാണ് വിദ്യാഭ്യാസ ആവശ്യം മുൻനിർത്തിയുള്ള ഔദ്യോഗികവിലയിരുത്തൽ. എന്നാൽ, ആസിമിന്റെ ഹർജിയിലെ ആവശ്യവും സാഹചര്യവും വിലയിരുത്തി പ്രത്യേകകേസെന്ന നിലയിലാണ് കോടതിയുെട ഉത്തരവ്. ഹൈക്കോടതിവിധിയുടെ വിശദാംശങ്ങൾ പരിശോധിച്ച് വെളിമണ്ണ ജി.എം.യു.പി. സ്കൂളിൽ എട്ടാം തരം ഉൾപ്പെടുത്തുന്ന കാര്യത്തിൽ അടിയന്തരമായി നടപടിയെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി. മോഹൻകുമാർ അറിയിച്ചു.

വലിയ സന്തോഷം; എല്ലാവർക്കും നന്ദി -ആസിം

“എന്റെ സ്കൂളിൽതന്നെ ഇനിയും പഠിക്കാൻ കഴിയുമെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. ഈയൊരു ഉത്തരവ് പ്രതീക്ഷിച്ചിരുന്നു. എട്ടാംക്ലാസിൽ ചേരാനുള്ള തയ്യാറെടുപ്പിലാണ്. ഒപ്പംനിന്ന എല്ലാവർക്കും ഹൃദയംനിറഞ്ഞ നന്ദിയുണ്ട്’’.

Post a Comment

0 Comments