മാറ്റങ്ങൾക്കൊരുങ്ങി ബേപ്പൂര്‍ തുറമുഖം: കണ്ടെയ്‌നര്‍ വഴി ചരക്ക് ഇറക്കുമതി മാത്രമല്ല കയറ്റുമതിയും



കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തുനിന്ന് കണ്ടെയ്‌നര്‍ വഴിയുള്ള ചരക്ക് കയറ്റുമതി ഇന്ന് ആരംഭിക്കും. ചെറുകിട തുറമുഖമായ ബേപ്പൂരില്‍നിന്ന് ഇതാദ്യമായാണ് കണ്ടെയ്‌നര്‍ മുഖേന ചരക്ക് കയറ്റി അയക്കുന്നത്. മുംബൈയിലേക്ക് മലപ്പുറം മഞ്ചേരിയില്‍നിന്നു ടയര്‍ നിര്‍മാണത്തിനുള്ള റബറാണ് കയറ്റി അയക്കുന്നത്. ട്രാന്‍സ് ഏഷ്യ ഷിപ്പിങ് കമ്പനിയാണ് ചരക്ക് നീക്കത്തിനു നേതൃത്വം വഹിക്കുന്നത്.

കണ്ടെയ്‌നര്‍ കൊണ്ടുപോകുന്നതിനായി എം.വി കരുതല്‍ കപ്പല്‍ ബേപ്പൂര്‍ പുറം കടലിലെത്തിയിട്ടുണ്ട്. ഇന്നു രാവിലെ ഈ കപ്പല്‍ തുറമുഖത്ത് അടുപ്പിച്ച് ഇതിലുള്ള തറയോട് നിറച്ച് കണ്ടയ്‌നര്‍ ഇറക്കും. ഇതിനു ശേഷമായിരിക്കും റബര്‍ നിറച്ച കണ്ടെയ്‌നര്‍ കപ്പലില്‍ കയറ്റുക. രാവിലെ 11ന് വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ ബേപ്പൂരില്‍നിന്ന് ആദ്യമായി കണ്ടെയ്‌നറുമായി പുറപ്പെടുന്ന കപ്പല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ബേപ്പൂരില്‍നിന്നു ലക്ഷദ്വീപിലേക്കാണ് മുഖ്യമായും ചരക്ക് നീക്കം നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണ് കണ്ടെയ്‌നര്‍ വഴി ചരക്ക് ബേപ്പൂരിലേക്കെത്തിക്കാന്‍ തുടങ്ങിയത്. കണ്ടെയ്‌നര്‍ വഴി ചരക്കു കയറ്റുമതി കൂടി ആരംഭിക്കുന്നതോടെ ബേപ്പൂര്‍ തുറമുഖത്തിന്റെ വികസന കുതിപ്പിനു ആക്കം കൂടും.

Post a Comment

0 Comments