സൗത്ത് ബീച്ചിലെ ലോറി സ്റ്റാന്‍ഡ് മാറ്റി സ്ഥാപിക്കൽ: തിരുമാനം നടപ്പായില്ല


കോഴിക്കോട്: സൗത്ത് ബീച്ച്‌ സുന്ദരമായ വിനോദകേന്ദ്രമാകുമ്പോഴും അതിന് മുന്നിലെ ലോറി സ്റ്റാന്‍ഡ് മാറ്റുമെന്ന തീരുമാനം നടപ്പാക്കാനായില്ല 3.85 കോടി രൂപ ചെലവഴിച്ച്‌ ഡി.ടി.പി.സി നടത്തുന്ന സൗന്ദര്യവത്കരണം ഏറക്കുറെ പൂര്‍ത്തിയായെങ്കിലും മെയ് ഒന്നു മുതല്‍ ലോറി പാര്‍ക്കിംഗ് കോയ റോഡിലേക്ക് മാറ്റാനുള്ള തീരുമാനമാണ് നടപ്പാക്കാനാകാത്തത്. സൗത്ത് ബീച്ചിലെ ലോറി പാര്‍ക്കിംഗ് കോയ റോഡിലേക്ക് മാറ്റണമെന്ന് ഏപ്രില്‍ 23ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയാണ് നിര്‍ദ്ദേശം നല്‍കിയത്. നഗരത്തിലെ ഗതാഗത പരിഷ്‌കരണം നടപ്പാക്കുന്നതിന്റ ഭാഗമായും സൗത്ത് ബീച്ച്‌ നവീകരണത്തിന്റെ ഭാഗമായും നല്‍കിയ നിര്‍ദ്ദേശം ഏപ്രില്‍ 27ന് ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗം അംഗീകരിക്കുകയും ചെയ്തു.


മെയ് ഒന്നു മുതല്‍ കോയ റോഡില്‍ ലോറികള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും മീഞ്ചന്തയില്‍ താല്‍ക്കാലിക സംവിധാനവും ഒരുക്കാനായിരുന്നു കൗണ്‍സില്‍ യോഗ തീരുമാനം. മീഞ്ചന്തയിലെ ബസ് സ്റ്റാന്‍ഡിനായുള്ള സ്ഥലം ഉപയോഗപ്പെടുത്താനുള്ള തീരുമാനം പിന്നീട് മാറ്റി. കോയ റോഡിലെ സ്വകാര്യവ്യക്തിയുടെ സ്ഥലത്തേക്ക് ലോറി ബുക്കിംഗ് ഓഫീസ് മാറ്റുന്നതിനും ലോറി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സാധിക്കാത്തതാണ് ഇപ്പോള്‍ ലോറി പാര്‍ക്കിംഗ് മാറ്റുന്നതിന് തടസ്സമായി പറയുന്നത്. സ്ഥലത്ത് താല്‍ക്കാലികമായി ഓഫീസ് നിര്‍മ്മിക്കാനുള്ള ശ്രമം നടന്നില്ല. തുടര്‍ന്ന് സമീപത്ത് ഓഫീസിന് ഉതകുന്ന കെട്ടിടം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ കോയ റോഡില്‍ സൗകര്യം ഒരുക്കുന്നതുവരെ താല്‍ക്കാലികമായി മീഞ്ചന്തയിലേക്ക് ലോറി സ്റ്റാന്റ് മാറ്റാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. വീതി കുറഞ്ഞ റോഡില്‍ അനധികൃത പാര്‍ക്കിംഗ് കാരണം വാഹനാപകടങ്ങള്‍ പതിവായതും പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം കൂടുന്നതായുള്ള പരാതിയുടേയും അടിസ്ഥാനത്തിലാണ് ലോറി സ്റ്റാന്റ് സൗത്ത് ബീച്ചില്‍ നിന്ന് മാറ്റാന്‍ നടപടികള്‍ ആരംഭിച്ചത്. ബീച്ചിലെ സൗന്ദര്യവത്കരണ പ്രവൃത്തികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ലോറി സ്റ്റാന്റ് ഇവിടെ നിന്ന് മാറ്റിയാല്‍ സൗത്ത് ബീച്ചിലെത്തുന്ന വര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഈ സ്ഥലം ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്.

Post a Comment

0 Comments