നിപ വൈറസ് ഉറവിടം കണ്ടെത്തൽ: എപ്പിഡെമിയോളജി സംഘം പരിശോധന തുടങ്ങികോഴിക്കോട്: നിപ വൈറസ് ബാധയുടെ ഉറവിടം തേടി കേന്ദ്രസർക്കാറിന്റെ വിദഗ്ധസംഘം കൂടുതൽ പരിശോധനകൾ നടത്തുന്നു. ഇതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടർ ഡോ. മനോജ് വി. മുറേക്കറുടെ നേതൃത്വത്തിലുള്ള സംഘം പേരാമ്പ്ര സന്ദർശിച്ചു. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറുമായി ചർച്ച നടത്തിയ ശേഷമാണ് ആദ്യമായി രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പോയി വിവരണശേഖരണം നടത്തിയത്. സാബിത്തിനു രോഗബാധയുണ്ടായതിനു മുമ്പുള്ള വിവരങ്ങളും സംഘം പരിശോധിക്കുന്നുണ്ട്. ഡോ. എ.പി. സുഗുണൻ, ഡോ. തരുൺ ഭട്നാഗർ, ഡോ. പി. മാണിക്കം, ഡോ. കരിഷ്മ കൃഷ്ണക്കുറുപ്പ്, ഡോ. ആരതി രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പേരാമ്പ്രയിലെത്തിയത്. ഐ.സി.എം.ആർ., എൻ.സി.ഡി.സി. സംഘങ്ങളും പരിശോധന തുടരുന്നുണ്ട്. സംസ്ഥാനത്തുനിന്നുള്ള വിദഗ്ധരുടെ സഹായത്തോടെയാണ് കേന്ദ്രസംഘത്തിന്റെ പരിശോധനയും പഠനവും.


വ്യാഴാഴ്ച ആരിലും നിപ സ്ഥിരീകരിച്ചില്ല. 25 പരിശോധനാഫലങ്ങൾ കിട്ടിയതിൽ ആർക്കും രോഗമില്ല. ഇതുവരെ കിട്ടിയ 296 ഫലങ്ങളിൽ 278 പേർക്കും രോഗമില്ലെന്നാണ് തെളിഞ്ഞത്. മെഡിക്കൽ കോളേജിൽ ഒൻപതുപേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ അഞ്ചുപേർ വ്യാഴാഴ്ച എത്തിയവരാണ്. സമ്പർക്കപ്പട്ടികയിൽ 2626 പേരാണ് ഇപ്പോഴുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ 12-നു തന്നെ തുറക്കും. ഗസ്റ്റ് ഹൗസിൽ നിപ അവലോകനയോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ജില്ലാകളക്ടർ യു.വി. ജോസ്, ഡി.എം.ഒ. ഡോ. വി. ജയശ്രീ, മെഡിക്കൽ കോളേജ് ആസ്പത്രി സൂപ്രണ്ട് ഡോ. കെ.ജി. സജീത് കുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments