സിറ്റി ഗ്യാസ് പദ്ധതി ഏഴ് ജില്ലകളിലേക്കു കൂടികൊച്ചി:സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ കൂടി സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുമെന്ന് പെട്രോളിയം, പ്രകൃതിവാതക റെഗുലേറ്ററി ബോർഡ് ചെയർമാൻ ഡി.കെ. സറാഫ് പറഞ്ഞു. നിലവിൽ എറണാകുളം ജില്ലയിൽ മാത്രമാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. കൊച്ചി-മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈൻ കടന്നുപോകുന്ന തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾക്കു പുറമെ മാഹിയിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിനായി ടെൻഡർ നടപടി ആരംഭിച്ചു. അടുത്ത മാസം പത്തിന് ഇത് പൂർത്തിയാക്കും. ഒരു വർഷത്തിനകം പൈപ്പിടൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ കേരളത്തിലെ ജനസംഖ്യയുടെ 63 ശതമാനം ജനങ്ങളും പ്രകൃതിവാതക ശൃംഖലയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ തെക്കൻ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഇതിനായി പൈപ്പ് സ്ഥാപിക്കും. ഏറെ വൈകാതെ സംസ്ഥാനം പൂർണമായും സിറ്റി ഗ്യാസ് പദ്ധതിയുടെ ഗുണഭോക്താക്കളായി മാറുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോളിയം, പ്രകൃതിവാതക റെഗുലേറ്ററി ബോർഡിന്റെ പ്രകൃതിവാതക ഉപയോഗ ബോധവത്കരണ റോഡ് ഷോയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡിന്റെ ഒൻപതാമത് റോഡ്‌ ഷോയാണ് കൊച്ചിയിൽ നടന്നത്. 22 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 174 ജില്ലകളിലാണ് റോഡ് ഷോ. 56 പുതിയ വിതരണ മേഖലകൾ സിറ്റി ഗ്യാസ് പദ്ധതിക്കായി ബോർഡ് കണ്ടെത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത് 130 ജില്ലകളാണ്. ഇതിൽ 102 ഇടങ്ങളിൽ നിർമാണ പ്രവർത്തനം പൂർത്തിയായി.

രാജ്യത്തെ ജനസംഖ്യയുടെ 19 ശതമാനം ഇതിനകം സിറ്റി ഗ്യാസ് പദ്ധതിയുടെ നേരിട്ടുള്ള ഗുണഭോക്താക്കളാണ്. രാജ്യത്തെ 286 ജില്ലകളിൽ ബോർഡ് പ്രവർത്തനം വ്യാപിപ്പിക്കുമെന്നും സറാഫ് പറഞ്ഞു. ഇതോടെ രാജ്യത്ത് 35 ശതമാനം പ്രദേശങ്ങളിലും പ്രകൃതിവാതകം നേരിട്ടെത്തും. രാജ്യത്തെ 49 ശതമാനം ജനങ്ങളും പദ്ധതിയുടെ ഗുണഭോക്താക്കളായി മാറും. കേന്ദ്രസർക്കാരിന്റെ ഊർജ സ്വയംപര്യാപ്ത പദ്ധതിയുടെ ഭാഗമായി അസംസ്കൃത എണ്ണയുടെ ഇറക്കുമതി പത്ത് ശതമാനം കുറയ്ക്കാനാണ് ശ്രമം. 2022-ഓടെ ഇത് സാധ്യമാകും. സിറ്റി ഗ്യാസ് പദ്ധതികളിലൂടെ പുതിയ നിക്ഷേപക സാദ്ധ്യതകളുമുണ്ട്. തൊഴിലവസരങ്ങളിലും വർധനയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പെട്രോളിയം, പ്രകൃതിവാതക റെഗുലേറ്ററി ബോർഡ് അംഗം എസ്. രഥ് പത്രസമ്മേളനത്തിൽ പങ്കെടുത്തു. കൊച്ചിയിൽ നടന്ന റോഡ്‌ ഷോയിൽ ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് ഡി.ജി.എം. അജയ് പിള്ള, പെട്രോനെറ്റ് എൽ.എൻ.ജി. സീനിയർ വൈസ് പ്രസിഡന്റ്‌ പങ്കജ് വാധ്വ, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ്, പെട്രോളിയം, പ്രകൃതിവാതക റെഗുലേറ്ററി ബോർഡ് ജോയിൻറ് അഡ്വൈസർ കെ. കിട്ടപ്പ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments