വെളിച്ചെണ്ണ ലൈസൻസ് ഇനി ഓരോരോ ബ്രാൻഡുകൾക്ക് മാത്രം


കോഴിക്കോട്: വെളിച്ചെണ്ണയിലെ മായം തടയാൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് കർശന നടപടികൾ എടുക്കാനൊരുങ്ങി. കമ്പനികൾക്കു പകരം ബ്രാൻഡുകൾക്ക് ലൈസൻസ് നൽകുന്ന സമ്പ്രദായം കൊണ്ടുവരാനാണ് വകുപ്പ് ആലോചിക്കുന്നത്. ഇപ്പോൾ കമ്പനികൾക്കാണ് ലൈസൻസ് നൽകുന്നത്. അവരുടെ ഏതെങ്കിലും ബ്രാൻഡിൽ മായം കണ്ടെത്തി നിരോധിക്കപ്പെട്ടാൽ അതേ കമ്പനി തന്നെ മറ്റൊരു പേരിൽ വെളിച്ചെണ്ണ വിപണിയിലിറക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പഴുതുകളടച്ച നടപടികൾക്ക് ശ്രമിക്കുന്നത്. ഇതിനുള്ള നടപടികൾ പരമാവധി വേഗത്തിലാക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ എം.ജി. രാജമാണിക്യം പറഞ്ഞു.

ബ്രാൻഡുകൾക്ക് ലൈസൻസ് നൽകുന്ന സമ്പ്രദായം നിലവിൽ വന്നാൽ വെളിച്ചെണ്ണയിൽ മായം ചേർക്കുന്നതിന് ഫലപ്രദമായി തടയിടാനാകുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നത്. മായം കണ്ടെത്തിയതിന്റെ പേരിൽ ബ്രാൻഡിന് നിരോധനം വന്നാൽ പിന്നെ അവർക്ക് വിപണിയിലേക്ക് വരാനാകില്ല. കമ്പനിയുടെ പേരിനെയും അത് സാരമായി ബാധിക്കുമെന്നതിനാൽ ഉടമകൾ കരുതലോടെയിരിക്കുമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് കണക്കുകൂട്ടുന്നത്. വെളിച്ചെണ്ണയിലെ മായം തടയാൻ മറ്റു പരിശോധനകൾ കർശനമാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നെത്തുന്ന മായം ചേർത്ത വെളിച്ചെണ്ണ കണ്ടെത്താൻ അതിർത്തി ചെക്‌പോസ്റ്റുകളിൽ തന്നെ പരിശോധന കർശനമാക്കും. മായം ചേർക്കുന്ന സ്രോതസ്സുകൾ കണ്ടെത്താനുള്ള പരിശോധനകളും കൂടുതൽ കർശനമാക്കും. ഇതിനായി മറ്റ്‌ ഏജൻസികളുടെ സഹായം തേടുന്ന കാര്യവും ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഇപ്പോൾ വിൽക്കുന്ന ചില ബ്രാൻഡുകളുടെ വെളിച്ചെണ്ണയിൽ മായം കലർന്നിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. ഈ ബ്രാൻഡുകളിൽ അമിത അളവിൽ പാം കെർണർ ഓയിലിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ ഉത്‌പാദിപ്പിക്കുന്ന മറ്റു ചില എണ്ണകളും വെളിച്ചെണ്ണയിൽ ചേർത്ത് പാക്ക് ചെയ്ത് കേരളത്തിലേക്കയയ്ക്കുന്നതായും ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. കുറഞ്ഞ വിലയിൽ ലഭിക്കുമെന്നതും കാഴ്ച്ചയിൽ വെളിച്ചെണ്ണ പോലെ തന്നെ തോന്നിക്കുമെന്നതുമാണ് പാം കെർണർ ഓയിൽ അമിതമായി ഉപയോഗിക്കാൻ വ്യാജൻമാരെ പ്രേരിപ്പിക്കുന്നത്. പല കമ്പനികളും വെളിച്ചെണ്ണയിൽ 20 ശതമാനം വരെ പാം കെർണർ ഓയിൽ ചേർക്കുന്നുണ്ട്. ഇതിന്റെ അളവ് 30 ശതമാനം കഴിഞ്ഞാൽ മാത്രമേ പലപ്പോഴും ഭക്ഷ്യസുരക്ഷാ വകുപ്പിനു പോലും അത് കണ്ടെത്താൻ കഴിയൂ എന്നതാണ് വ്യാജൻമാർ മുതലെടുക്കുന്നത്. ഓരോ ദിവസവും വെളിച്ചെണ്ണ വില ഉയരുന്ന സാഹചര്യത്തിൽ കുറഞ്ഞ വിലയ്ക്കു കിട്ടുന്ന ഓയിൽ പരമാവധി ചേർത്ത് ലാഭം കൊയ്യുന്ന കമ്പനികൾക്ക് തടയിടാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ നടപടികൾ കൊണ്ടുവരുന്നത്.

Post a Comment

0 Comments