മിഠായിത്തെരുവ്:നവീകരണം കഴിഞ്ഞു ആറു മാസം തികയും മുൻപെ നശിക്കാൻ തുടങ്ങി


കോഴിക്കോട്:നവീകരണ പ്രവൃത്തി കഴിഞ്ഞു നഗരത്തിന്റെ അഭിമാനമായി നിലകൊള്ളുന്ന മിഠായിത്തെരുവ് നാശത്തിന്റെ പടവുകൾ കയറിത്തുടങ്ങി. നവീകരണ പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞു ആറു മാസം തികയും മുൻപെ പ്രധാന കവാടത്തിൽ സ്ഥാപിച്ച ബെഞ്ചുകളിൽ ഒന്നു തകർന്നു. ബാക്കിയുള്ളവയും വരും ദിവസങ്ങളിൽ തകരുന്ന അവസ്ഥയാണ്. കാസ്റ്റ് അയൺ ഫ്രെയിമിൽ മരത്തിന്റെ അഴികൾ പിടിപ്പിച്ചാണ് ബെഞ്ച് നിർമിച്ചത്. ഇരിപ്പിടത്തിലെ അഴികൾ പലതും ഇളകിമാറിയിട്ടുണ്ട്. ദിവസങ്ങൾ കൊണ്ട് ഈ ബെഞ്ച് പൂർണമായും ഉപയോഗശൂന്യമാകും.

എൽഐസി കെട്ടിട വളപ്പിന്റെ മതിലിൽ തീർത്ത ചുമർച്ചിത്രങ്ങളിലേക്കു ബെഞ്ച് അടുപ്പിച്ചിടുന്നതു കാരണം ചുമരും ചിത്രങ്ങളും വികൃതമാകുന്ന അവസ്ഥയും ഉണ്ട്. എസ്.കെ.പ്രതിമയ്ക്കു ചുറ്റുമായി ഇരിക്കാനുള്ള സ്ഥലങ്ങളിൽ ചെളി പറ്റി വൃത്തികേടായി കിടക്കുന്നു. കൂടാതെ എസ്.കെ.പ്രതിമയ്ക്കു മുന്നിലും മറ്റിടങ്ങളിലും വലിയ ആൾനൂഴിയുടെ അടപ്പിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. അതിൽ മാലിന്യങ്ങളും മറ്റും അഴുകുകയും കൊതുകു പെരുകുകയും ചെയ്യും. നവീകരിച്ച മിഠായിത്തെരുവിൽ ജനുവരി മാസത്തിൽ ആരംഭിച്ച ബഗ്ഗി വാഹനങ്ങൾ സർവീസ് നിർത്തിയിട്ട് ദിവസങ്ങളായി. മധുരസവാരിയെന്ന പേരിൽ സർവീസ് ആരംഭിച്ച രണ്ടു വാഹനങ്ങളും ഇപ്പോൾ നിർത്തിയിട്ടിരിക്കുകയാണ്. വാഹന ഗതാഗതം നിരോധിച്ച മിഠായിത്തെരുവിൽ വൃദ്ധന്മാർക്കും ഭിന്നശേഷിക്കാർക്കും യാത്ര ചെയ്യാൻ ബഗ്ഗി വാഹനത്തെ ആശ്രയിക്കാമെന്നാണ് പറഞ്ഞിരുന്നത്. കൂടാതെ മറ്റുള്ളവർക്കും കുടുംബസമേതം മിഠായിത്തെരുവിലൂടെ ബഗ്ഗിയിൽ സവാരി നടത്താം എന്നൊക്കെയായിരുന്നു തുടങ്ങിയപ്പോൾ പറഞ്ഞിരുന്നത്. ഒരാൾക്ക് 10 രൂപയായിരുന്നു ചാർജ്. മിഠായിത്തെരുവിൽ എത്തുന്നവർക്കു ബഗ്ഗിയിലിരുന്നുള്ള മധുരസവാരി വേറിട്ടൊരു അനുഭവമായിരിക്കുമെന്നായിരുന്നു കരുതിയത്.

Post a Comment

0 Comments