ചെരണ്ടത്തൂരിൽ ജപ്പാൻജ്വരം; പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്



കോഴിക്കോട്: മണിയൂർ പഞ്ചായത്തിലെ ചെരണ്ടത്തൂരിൽ ജപ്പാൻജ്വരം ബാധിച്ച് സ്ത്രീ മരിച്ചതിനെ തുടർന്ന് പ്രദേശത്ത് വൈറസ് ഏങ്ങനെയെത്തിയെമെന്നതിനെ കുറിച്ചുള്ള പരിശോധനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്. ചെറിയ ആറ്റുപു പരിറത്ത് കുഞ്ഞിപ്പാത്തു (68) ആണ് മരിച്ചത്. മേയ് 26-നാണ് ഇവരെ ശക്തമായ തലവേദന, ഛർദി, ബോധക്ഷയം എന്നീ ലക്ഷണങ്ങളുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ വ്യത്യാസമില്ലാതെ വന്നതോടെ ഈ മാസം രണ്ടിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  തുടർന്ന്  നട്ടെല്ലിൽനിന്ന് ദ്രവം കുത്തിയെടുത്ത് മണിപ്പാലിലെ സെന്റർ ഫോർ വൈറസ് റിസർച്ച് സെന്ററിലേക്ക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ചയാണ് ഇവർ മരിച്ചത്. രാത്രിയോടെ മരണകാരണം ജപ്പാൻജ്വരമാണെന്ന് സ്ഥിരീകരിക്കുന്ന പരിശോധനാഫലം മണിപ്പാലിൽനിന്ന് കിട്ടി.


ഇവർ താമസിക്കുന്ന ചെരണ്ടത്തൂരിലും പരിസരങ്ങളിലും ആരോഗ്യവകുപ്പ് പ്രതിരോധനടപടികൾ ഊർജിതമാക്കി. ക്യൂലക്സ് വിഭാഗത്തിൽപെട്ട കൊതുക് പരത്തുന്ന വൈറസ് രോഗമാണിത്. ഈ വിഭാഗത്തിൽ പെട്ട കൂത്താടികളെ ചെരണ്ടത്തൂരിൽ കണ്ടെത്തിയിട്ടുണ്ട്. പന്നികളും ജലപക്ഷികളുമാണ് വൈറസിന്റെ വാഹകർ. ചെരണ്ടത്തൂർ ചിറയിലും പരിസരങ്ങളിലും ഒട്ടേറെ ദേശാടനപ്പക്ഷികൾ എത്താറുണ്ട്. സമീപത്തൊന്നും പന്നികൾ ഇല്ലാത്തതിനാൽ പക്ഷികൾ വഴിയാണ് വൈറസ് ഇവിടെ എത്തിയതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഭീതിവേണ്ടെന്നും കൊതുകുനശീകരണം ഉറപ്പുവരുത്തണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Post a Comment

0 Comments