ജില്ലയിൽ മഞ്ഞപ്പിത്തം വ്യാപകമാവുന്നു


കോഴിക്കോട്: മഴക്കെടുതികള്‍ തുടരുന്ന ജില്ലയിൽ മഞ്ഞപ്പിത്തവും വ്യാപകമാവുന്നു. അത്തോളി തലക്കുളത്തൂര്‍ പഞ്ചായത്തില്‍ 47 പേര്‍ക്കാണ് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്ച 24 പേര്‍ക്കായിരുന്നു മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഒദ്യോഗികമായി 47 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. എന്നാല്‍ യഥാര്‍ത്ഥ കണക്ക് ഇതിലും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നാട്ടുകാര്‍ ആശങ്കയിലാണ്. പ്രദേശത്തെ ഒരു വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് പാനീയം കഴിച്ചവര്‍ക്കാണ് രോഗം വന്നതെന്ന് സംശയിക്കുന്നു. മഞ്ഞപ്പിത്തബാധയുടെ പശ്ചാത്തലത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

നേരത്തെ തലക്കുളത്തൂരില്‍ പഞ്ചായത്ത് തല യോഗം ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍,ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പെടുത്തി പ്രത്യേക സ്ക്വാ‍‍ഡ് രൂപീകരിച്ചിരുന്നു. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ജനകീയ സ്ക്വാഡുകള്‍ രൂപീകരിക്കും. തലക്കുളത്തൂര്‍ കമ്യൂണിറ്റി ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാന്‍ ധാരണയായിട്ടുണ്ട്. തിളപ്പിച്ചാറിയ ഭക്ഷണപാനീയങ്ങളെ കഴിക്കാവു എന്നും,ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂടി വച്ച്‌ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞപിത്ത ബാധയുള്ളവര്‍ ഭക്ഷണം തയ്യാറാക്കാനോ വിളമ്പാനോ പാടില്ലെന്നും ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ആരോഗ്യവിഭാഗം ടാസ്ക്ഫോഴ്സ് ജില്ലയില്‍ പ്രത്യേക യോഗം ചേരുന്നുണ്ട്.

Post a Comment

0 Comments