കോഴിക്കോട്:തിരുവനന്തപുരത്ത് പരീക്ഷണാടിസ്‌ഥാനത്തില്‍ സര്‍വീസ് ആരംഭിച്ച കെ.എസ്.ആര്‍.ടി.സി ഇലക്‌ട്രിക് ബസ് 27-ന് കോഴിക്കോട്ടെത്തും. നഗരത്തില്‍ കോഴിക്കോട് രാമനാട്ടുകര കൊണ്ടോട്ടി മലപ്പുറം, കോഴിക്കോട് സിവില്‍ സ്‌റ്റേഷന്‍ തലശേരി എന്നീ റൂട്ടുകളിലുമാണ് പരീക്ഷണ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഫ്‌ളാഗ് ഓഫ് ചെയ്‌തു. ബസിന്റെ പിന്നിലെ രണ്ടു വീലുകളിലാണ് ഇലക്ര്‌ടിക് മോട്ടോറുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. ഡീസല്‍ / സി.എന്‍.ജി. ബസുകളേക്കാള്‍ ഓട്ടത്തിനു ചെലവ് കുറവാണ്. പുകമലിനീകരണവും ശബ്‌ദമലിനീകരണവുമില്ലാത്ത വാഹനത്തിന് രണ്ടര കോടിയോളം രൂപ വില വരും. നിലവിലുള്ള സിറ്റി എ.സി. ബസിന്റെ നിരക്കാകും ഇലക്ര്‌ടിക് ബസിലെ യാത്രയ്‌ക്കും ഈടാക്കുക. 35 സീറ്റുകളുണ്ട്. വീല്‍ചെയര്‍ കയറ്റാന്‍ സൗകര്യമുണ്ട്. ഒരു തവണ ചാര്‍ജ് ചെയ്‌താല്‍ 350 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി കെ.എസ്. ആര്‍.ടി.സിയെ നവീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇലക്‌ട്രിക്, സി.എന്‍.ജി, എല്‍.എന്‍.ജി വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. എന്നാല്‍ വൈദ്യുതി ഉപയോഗിച്ചുള്ള വാഹനങ്ങള്‍ നമ്മുടെ റോഡുകളില്‍ എത്ര മാത്രം ഫലപ്രദമായിരിക്കുമെന്ന് പഠിക്കേണ്ടതുണ്ട്.- മന്ത്രി പറഞ്ഞു.
0 Comments