റെയിൽവേ സ്റ്റേഷൻ–കമ്യൂണിറ്റി റിസർവ് റോഡ് നവീകരണത്തിനായി ഡിവിഷനൽ മാനേജർക്ക് എംപിയുടെ കത്ത്

കോഴിക്കോട്:റെയിൽവേ സ്റ്റേഷൻ–കമ്യൂണിറ്റി റിസർവ് റോഡ് സഞ്ചാര യോഗ്യമാക്കാൻ റെയിൽവേയുടെ അനുമതിക്ക് എം.കെ. രാഘവൻ എംപിയുടെ ഇടപെടൽ. ഇക്കോ ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ച കമ്യൂണിറ്റി റിസർവിലേക്കുള്ള റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു എംപി റെയിൽവേ ഡിവിഷനൽ മാനേജർക്കു കത്തു നൽകി. ഇതു സംബന്ധിച്ചു സാധ്യതാ പഠനം നടത്തിയ റെയിൽവേ അധികൃതർ രൂപരേഖ തയാറാക്കി ഡിആർഎമിനു അനുകൂല റിപ്പോർട്ട് സമർപ്പിച്ചു. ഇതോടെ ഏറെക്കാലമായി നാട്ടുകാർ ആവശ്യപ്പെടുന്ന റോഡ് യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഉയർന്നു. റെയിൽവേ സ്റ്റേഷൻ മുതൽ കുന്നംതിരുത്തി റോഡ് വരെയുള്ള 250 മീറ്റർ ദൂരമാണ് ശോച്യാവസ്ഥയിലുള്ളത്. റെയിൽവേ അധീനതയിലുള്ള പ്രദേശത്താകെ ചെളിയും വെള്ളക്കെട്ടുമാണ്. കുഴികളായ വഴിയിലൂടെ യാത്ര ദുരിതപൂർണമാണെന്നു ചൂണ്ടിക്കാട്ടി പഞ്ചായത്ത് അംഗം ഷാഹിദ് കടലുണ്ടി എംപിക്കു നിവേദനം സമർപ്പിക്കുകയുണ്ടായി.

ഇതുപ്രകാരം റെയിൽവേ ഡിവിഷനൽ മാനേജരെ ഫോണിൽ ബന്ധപ്പെട്ട് എംപി ജനങ്ങളുടെ പ്രയാസം അറിയിച്ചു. കമ്യൂണിറ്റി റിസർവ്, പക്ഷി സങ്കേതം, ബോട്ട്ജെട്ടി, കുന്നംതിരുത്തി, ഐറ്റുവളപ്പ്, മേലേത്തൊടി എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡാണിത്. റെയിൽവേ അധീനതയിലുള്ള പ്രദേശം ഗതാഗത യോഗ്യമാക്കാത്തതാണ് നാട്ടുകാർക്കു തിരിച്ചടി. ലെവൽക്രോസ് മുതൽ സ്റ്റേഷൻ പരിസരത്തേക്കു കോൺക്രീറ്റ് റോഡ് എത്തി നിൽക്കുന്നുണ്ടെങ്കിലും കുന്നംതിരുത്തി റോഡ് വരെ തകർച്ചയാണ്. ശോച്യാവസ്ഥയിലുള്ള റോഡിൽ മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്. സാധ്യതാ പഠന റിപ്പോർട്ട് അനുകൂലമായതിനാൽ കമ്യൂണിറ്റി റിസർവിലേക്കുള്ള റോഡ് യാഥാർഥ്യമാക്കാനാകുമെന്നും ഇതിനു റെയിൽവേയിൽ നിരന്തര സമർദം ചെലുത്തുമെന്നും എം.കെ. രാഘവൻ എംപി പറഞ്ഞു.

Post a Comment

0 Comments