കോഴിക്കോട്: മണ്ണിടിഞ്ഞ് പൊതുഗതാഗതം തടസ്സപ്പെട്ട താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം തുടരാന്‍ തീരുമാനം. മന്ത്രിമാരുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ടി.പി രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. അടിയന്തര പ്രാധാന്യത്തോടെ റോഡിന്റെ ഒരു ഭാഗം പുനര്‍ നിര്‍മിക്കുമെന്നും ഒരാഴ്ചക്കകം ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. മൂന്ന് മാസത്തിനകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുമെന്നും മന്ത്രി പറഞ്ഞു. അനധികൃത നിര്‍മാണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടി എടുക്കും. വയനാട് ഒറ്റപ്പെട്ടിട്ടില്ല. ഇത്തരം പ്രതീതി ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും മന്ത്രി എം.കെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കെ.എസ്.ആര്‍.ടി.സി കല്‍പ്പറ്റ ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ ചിപ്പിലിത്തോട് വരെ സര്‍വീസ് നടത്തും. കോഴിക്കോട് നിന്ന് വരുന്ന ബസ്സുകള്‍ ഒന്നാം വളവിന് താഴെ സര്‍വീസ് നടത്തും. യാത്രക്കാര്‍ ഇരുനൂറ് മീറ്റര്‍ നടന്ന് ബസ്സ് മാറി കയറേണ്ടതാണ്. സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ കുറ്യാടി ചുരം വഴിയും പാലക്കാട് തൃശൂര്‍ ബസ്സുകള്‍ മേപ്പാടി - നാടുകാണി ചുരം വഴിയും താല്‍ക്കാലികമായി സര്‍വ്വീസ് നടത്തും. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ ഇടപെടാന്‍ കോഴിക്കോട്, വയനാട് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് മൂന്നുമണിക്ക് കലക്ടറേറ്റില്‍ സര്‍വ കക്ഷിയോഗം ചേരുമെന്നും യോഗത്തില്‍ മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന്‍ പങ്കെടുക്കുമെന്നും ടി.പി രാമകൃഷ്ണന്‍ അറിയിച്ചു.
0 Comments