മൺസൂൺകാല ട്രോളിങ് നിരോധനം 9-ന് അർധരാത്രി മുതൽ
കോഴിക്കോട്:ഈ വർഷത്തെ മൺസൂൺ കാല ട്രോളിങ് നിരോധനം 9-ന് അർധരാത്രി നിലവിൽ വരും. ജൂലൈ 31 വരെയുള്ള 52 ദിവസം കേരള തീരക്കടലിൽ, കരയിൽ നിന്ന് 22 കിലോമീറ്റർ വരെ ട്രോളിങ് നിരോധനം ഉണ്ടാകും. ഭൂരിഭാഗം മൽസ്യങ്ങളുടെയും പ്രജനന കാലയളവായ മൺസൂൺ കാലത്ത് ട്രോളിങ് മൽസ്യബന്ധനം നടത്തുന്നതു കടലിലെ മൽസ്യ സമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്ത് കഴിഞ്ഞ 30 വർഷമായി മൺസൂൺ കാലത്ത് ട്രോളിങ് നിരോധനം. ജില്ലയിൽ 1006 യന്ത്രവൽകൃത മൽസ്യബന്ധന ബോട്ടുകളും 249 ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും 3792 ഔട്ട്ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും അടക്കം 5229 യാനങ്ങളാണു ഫിഷറീസ് വകുപ്പിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

27,500 തൊഴിലാളികൾ ജില്ലയിൽ മൽസ്യബന്ധന പ്രവൃത്തികളിൽ നേരിട്ട് ഏർപ്പെടുന്നുണ്ട്. യന്ത്രവൽകൃത മൽസ്യബന്ധന ബോട്ടുകൾ ട്രോളിങ് നിരോധന കാലയളവിൽ മൽസ്യബന്ധനം നടത്താൻ പാടില്ല. എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട യാനങ്ങൾക്കു ട്രോളിങ് ഒഴികെയുള്ള മൽസ്യബന്ധന രീതികൾ അനുവർത്തിക്കാം. ട്രോളിങ് നിരോധനം കാരണം തൊഴിൽ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികൾക്കും ഹാർബറിലെ അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ‌ അനുവദിക്കാന്‍ സിവിൽ സപ്ലൈസ് നടപടി സ്വീകരിക്കും. ഈ വർഷം ഫിഷറീസ് വകുപ്പ് കടൽ പട്രോളിങ്ങിനും കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്കും മേയ് 15 മുതൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ ആരംഭിച്ചിട്ടുണ്ട്.

ട്രോളിങ് നിരോധന കാലയളവിലേക്കു മൂന്നു ബോട്ടുകളും ഒരു ഫൈബർ വള്ളവും വാടകയ്ക്കെടുത്തു പ്രവർത്തിക്കാനും തീരുമാനിച്ചു. മൂന്നു ബോട്ടുകൾ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി ബേസുകൾ കേന്ദ്രീകരിച്ചും ഫൈബർ വള്ളം ചോമ്പാല ബേസ് കേന്ദ്രീകരിച്ചും പ്രവർത്തിക്കും. കടൽ പട്രോളിങ്ങിനും രക്ഷാദൗത്യങ്ങൾക്കുമായി ഫിഷറീസ് വകുപ്പ്, തുറമുഖ വകുപ്പ്, നേവി, കോസ്റ്റ് ഗാർഡ്, തീരദേശ പൊലീസ് എന്നീ വകുപ്പുകൾ തദ്ദേശീയ മൽസ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ പ്രവർത്തനം ഏകോപിപ്പിക്കും. കേരളാ തീരത്തു പ്രവർത്തിക്കുന്ന അന്യ സംസ്ഥാന ബോട്ടുകൾ ഒൻപതിനു മുൻപേ കേരളതീരം വിട്ടു പോകേണ്ടതാണ്. നോഡൽ ഓഫിസറായ കലക്ടർ യു.വി. ജോസ് അവലോകന യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചു.

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, അസി. ഡയറക്ടർ പി.കെ. രഞ്ജിനി, അസി. പൊലീസ് കമ്മിഷണർ പി.കെ. അബ്ദുൽ റസാഖ്, ഡിവൈഎസ്പി എം. സുബൈർ, തീരദേശ പൊലീസ് ഇൻസ്പെക്ടർമാർ, മത്സ്യഫെഡ്, മത്സ്യബോർഡ്, റവന്യൂ, തുറമുഖം, ഫയർഫോഴ്സ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും അവലോകന യോഗത്തിൽ പങ്കെടുത്തു.

Post a Comment

0 Comments