നി​പ വൈ​റ​സ് നിയന്ത്രണവിധേയം; നിരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തരുത്-മന്ത്രി കെ.​കെ. ശൈലജ

നി​പ:കലക്ട്രേറ്റിൽ ചേർന്ന അവലോകനയോഗത്തിൽ മന്ത്രിമാരായ കെ.കെ ശൈലജ, എ.കെ ശശീന്ദ്രൻ, ടി.പി രാമകൃഷ്ണൻ, കലക്ടർ യു.വി ജോസ്, എം.പി എം.കെ രാഘവൻ, ജില്ലയിലെ എം.എൽ.എമാർ

കോ​ഴി​ക്കോ​ട്​:നി​പ വൈ​റ​സ് നി​യ​ന്ത്ര​ണ​വിധേയമാണെന്നും പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈലജ. നേരത്തേ 18 കേസുകള്‍ പോസിറ്റീവായതില്‍ 16 പേര്‍ മരിച്ചു. ഇതുവരെ 317 കേസ് നെഗറ്റീവ് റിപ്പോര്‍ട്ട് വന്നു. ബാക്കിയുള്ള പരിശോധന ഫലങ്ങളിലും നെഗറ്റീവ് റിപ്പോര്‍ട്ട് വരുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. അവസാനം രോഗം വന്നിരിക്കുന്ന ആളില്‍ നിന്നും വൈറസ് പകര്‍ന്നിട്ടുണ്ടെങ്കില്‍ തിരിച്ചറിയാനുള്ള ഇന്‍ക്യുബേഷന്‍ പിരീഡ് 21 എന്നത് 42 ദിവസത്തേക്ക് നീട്ടി. 2649 പേരാണ് നേരത്തേ നീരിക്ഷണത്തിലുണ്ടായിരുന്നത്. ഇവരില്‍ നിന്നും ഇന്‍ക്യുബേഷന്‍ പിരീഡ് കഴിഞ്ഞവരെ ഒഴിവാക്കിയപ്പോള്‍ 1430 പേരാണ് ബാക്കിയായത്. ഇത് പിന്നീട് 890 ആയി. 42 ദിവസം വരെ ഇവര്‍ നിരീക്ഷണത്തിലാകും.

സര്‍ക്കാര്‍ പുറപ്പെടുവിച്ച അതീവ ജാഗ്രതാ നിര്‍ദേശങ്ങള്‍ അയവ് വരുത്തുന്നതാണ്. പ്ര​ഫ​ഷ​ന​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ജൂ​ണ്‍ 12 മു​ത​ല്‍ പ്ര​വ​ര്‍ത്തി​ക്കും. നീരീക്ഷണത്തിലുള്ളവരെ ഒറ്റപ്പെടുത്തുകയോ സംസാരിക്കാതിരിക്കുകയോ ചെയ്യേണ്ടതില്ലെന്നും മന്ത്രി ഒാര്‍മിപ്പിച്ചു. ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാനാകണം. നിപ്പ ഏകോപന ചുമതല നിര്‍വഹിച്ചിരുന്ന ഗസ്റ്റ് ഹൗസിലെ പ്രത്യേക ഓഫീസിന്റെ പ്രവര്‍ത്തനം 15ാം തീയതിക്ക് ശേഷം സിവില്‍ സ്റ്റേഷനിലേക്ക് മാറ്റും. 42 ദിവസം പൂര്‍ത്തിയാകുന്നത് വരെ ഈ സംവിധാനം തുടരുമെന്നും മന്ത്രി പറഞു. നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആരോഗ്യ വകുപ്പ് ആദരിക്കും. ആശുപത്രി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. മെഡിക്കല്‍ കോളേജിലെ പോരായ്മകള്‍ ഉടന്‍ പരിഹരിക്കുമെന്നും കോഴിക്കോട് BSL 3 നിലവാരത്തില്‍ വൈറോളജി ലാബ് സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വൈറസ് എങ്ങനെ വന്നുവെന്ന പഠനം തുടരും. വൈറസിന്റെ ഉറവിടം വവ്വാല്‍ തന്നെയാണെന്നാണ് നിഗമനമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു

Post a Comment

0 Comments