നിപ ഭീതിയൊഴിയുന്നു; മിഠായിത്തെരുവ് വീണ്ടും തിരക്കിലേക്ക്



കോഴിക്കോട്: നിപ ഭീതി വിട്ട് ആളുകൾ നഗരത്തിലേക്ക് ഇറങ്ങുന്നുവെന്നതിന്  തെളിവായി  മിഠായിത്തെരുവ് . ആഴ്ചകളായി തുടരുന്ന മാന്ദ്യത്തിൽനിന്ന് മോചനമെന്നോണം, ഞായറാഴ്ച  പുതുവസ്ത്രങ്ങൾ തേടി ആളുകൾ ഒഴുകിയെത്തി.

പെരുന്നാൾ പ്രമാണിച്ച്, കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയെന്നത് ആശ്വാസകരമാണെന്ന് കച്ചവടക്കാർ പറയുന്നു. വൈറസ് ബാധ ഭയന്ന് മുഖാവരണിട്ടവരുടെ എണ്ണം ഒറ്റ ദിവസംകൊണ്ട് കുത്തനെ കുറഞ്ഞുവെന്നതാണ് മറ്റൊരു പ്രത്യേകത. ഞായറാഴ്ച പ്രധാനമായും തെരുവു കച്ചവടക്കാരുടെ ദിനമാണ്. ഉടുപുടവകളും ചെരിപ്പും പ്ലാസ്റ്റിക് വീട്ടുപകരണങ്ങളും സെക്കൻഡ് ഹാൻഡ് ഇലക്‌ട്രോണിക് ഉപകരണങ്ങളുമൊക്കെയായി കച്ചവടക്കാർ ഇരുവശങ്ങളിലും നിരക്കും. കഴിഞ്ഞദിവസം വലിയ കടകളെക്കാൾ തിരക്ക് ചെറുകടകൾക്കും റോഡരികിലെ കച്ചവടക്കാർക്കുമായിരുന്നു. എസ്.എം. സ്ട്രീറ്റിലും അനുബന്ധമായുള്ള കോർട്ട്‌ റോഡിലും മൊയ്തീൻ പള്ളി റോഡിലുമൊക്കെ ആളുകൾ നിറഞ്ഞു.

‘‘നിപ ബാധയെ തുടർന്ന് രണ്ടാഴ്ചയോളമായി അനുഭവപ്പെട്ട കച്ചവട മാന്ദ്യം മാറി. അയൽ ജില്ലകളിൽ നിന്നുപോലും ആളുകൾ വന്നുതുടങ്ങി. ശരാശരി കച്ചവടവും കിട്ടുന്നുണ്ട്’’ -തുണിക്കടയിൽ സെയിൽസ്‌മാനായ ബഷീറും സ്നാക് ബാർ നടത്തുന്ന റിയാസും പറയുന്നു. എന്നാൽ, പെരുന്നാളിന് തൊട്ടുമുമ്പുള്ള രണ്ട് ഞായറാഴ്ചകളിൽ നല്ല കച്ചവടം കിട്ടാറുണ്ടായിരുന്നുവെന്നും അതുണ്ടായില്ലെന്നും കച്ചവടക്കാരായ അജ്മലും സിറാജും പറഞ്ഞു.

മിഠായിത്തെരുവിലെ തിരക്കുകളൊന്നും ബാധിക്കാത്ത അവസ്ഥയിലായിരുന്നു കോയൻകോ ബസാർ. മഴ നനയാതിരിക്കാൻ വലിയ താർപായ പന്തലെല്ലാം വെച്ചിട്ടുണ്ടെങ്കിലും ബസാറിൽ ഇതുവരെയും പെരുന്നാൾ കച്ചവടം തുടങ്ങിയിട്ടില്ല. കഴിഞ്ഞ 10 ദിവസങ്ങളിലായുള്ള കച്ചവട നഷ്ടം പെരുന്നാളിന് നികത്താമെന്ന പ്രതീക്ഷ ഇല്ലാതായെന്നാണ് രണ്ട് തുണിക്കടകളുടെ ഉടമയായ സക്കീർ കോവൂർ പറയുന്നത്. പെരുന്നാൾ അടുക്കുന്നതോടെ, കൂടുതൽ ആളുകളെത്തുമെന്നും കഴിഞ്ഞ ദിവസങ്ങളിലായുണ്ടായ നഷ്ടം ഇതുവഴി നികത്താമെന്നുമുള്ള പ്രതീക്ഷയിലാണ് മിഠായിത്തെരുവിലെയും പരിസര പ്രദേശത്തെ തെരുവു കച്ചവടക്കാരും കടക്കാരും.

Post a Comment

0 Comments