നിപ്പാ വൈറസ്; 1000-ല്‍ അധികം പേര്‍ നിരീക്ഷണത്തില്‍, PSC പരീക്ഷകൾ മാറ്റിവെച്ചു, താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് അവധി നൽകികോഴിക്കോട്: നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് 1450 ല്‍ അധികം പേര്‍ നിരീക്ഷണത്തില്‍. നിപ്പാ വൈറസ് ബാധിതരായ രോഗികളുമായി അടുത്തിടപഴകിയിട്ടുള്ള 1450 ല്‍ അധികം പേരുടെ പട്ടികയാണ് ഇപ്പോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. നിപ്പാ വൈറസിനെ തുടര്‍ന്ന് 17 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്. ഇപ്പോള്‍ 12 പേര്‍ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്.

രോഗികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരും നിശ്ചിത ദിവസങ്ങളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്, ബാലുശ്ശേരി താലൂക്ക് ആശുപത്രി എന്നിവ സന്ദര്‍ശിച്ചവരും അക്കാര്യം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

മെയ് 5, 14, 18, 19 തീയതികളില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് അത്യാഹിത വിഭാഗം, CT സ്‌കാന്‍ റൂം, വെയ്റ്റിംഗ് റൂം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയവരും ബാലുശ്ശേരി താലൂക്ക് ആശുപത്രി മേയ് 18, 19 തീയതികളില്‍ ഉച്ചയ്ക്ക് രണ്ടുവരെ സന്ദര്‍ശിച്ചവരും വിളിക്കണം. നിപ ബാധിച്ച്‌ മരിച്ച റസിന്‍, അഖില്‍ എന്നിവരുമായി ഇടപഴകിയവരും നിപ സെല്ലുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി നല്‍കി. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ട് നിപ്പാ വൈറസ് ബാധിതര്‍ മരിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവധി പ്രഖ്യാപിച്ചത്.

എന്നാല്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചതിന് പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രണ്ടു ദിവസങ്ങളിലായി മൂന്ന് നിപ്പാ മരണങ്ങളാണ് ആശുപത്രിയിലുണ്ടായത്. ആശുപത്രികളില്‍നിന്ന് പകരാന്‍ സാധ്യതയുള്ളവരുമായ മുഴുവന്‍ ആളുകളെയും കണ്ടെത്താനുള്ള ഊര്‍ജിതശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

ജൂൺ 16 വരെയുള്ള  എല്ലാ ഒഎംആർ പരീക്ഷകളും മാറ്റിവയ്ക്കാൻ പിഎസ്‌സി തീരുമാനിച്ചു. നിപ്പാ വൈറസ് പനിയുടെ പശ്ചാത്തലത്തിലാണ് പരീക്ഷകൾ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂൺ 5, 7, 9, 13 തീയതികളിലായി ഏഴു തസ്തികകൾക്കുള്ള പരീക്ഷകളാണ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇവയെല്ലാം മാറ്റിവച്ചിട്ടുണ്ട്. എന്നാൽ ജൂൺ 02, 12 തീയതികളിൽ നടക്കുന്ന ഒാൺലൈൻ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.

Post a Comment

0 Comments