കോഴിക്കോട്: ജില്ലയെ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധക്ക് ശമനമാകുന്നു. ഞായറാഴ്ച ലഭിച്ച 22 പേരുടെ സാമ്പിള്‍ പരിശോധന ഫലങ്ങളും നെഗറ്റിവാണ്. മാത്രമല്ല, പുതിയ വൈറസ്ബാധ സ്ഥിരീകരണമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
ഞായറാഴ്ച 9 പേരെ സംശയത്തിന്റെ പേരില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 22 പേര് നിരീക്ഷണത്തിലാണ്. ഇതുവരെലഭിച്ച 223 പരിശോധന ഫലങ്ങളില്‍ 205ഉം നെഗറ്റിവാണ്. പോസിറ്റീവായശേഷം ചികിത്സയിലായിരുന്ന ബീച്ച് ആശുപത്രിയിലെ നഴ്സിങ് വിദ്യാര്‍ഥിനിയുടെയും മലപ്പുറം സ്വദേശിയുടെയും ഫലം നെഗറ്റിവാണെന്ന് കഴിഞ്ഞ ദിവസത്തെ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇവര്‍ സുഖം പ്രാപിച്ചുവരികയാണ്.
പനിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച ശേഷം ഹൃദയാഘാതം കാരണം മരിച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രി താല്‍ക്കാലിക ജീവനക്കാരന് രഘുനാഥിന് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്കരിച്ചു.
സൂപ്പിക്കട സ്വദേശി സാബിത്ത് ഉള്‍പ്പെടെ 17 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. സംമ്പര്‍ക്ക പട്ടികയില്‍ 75 പേരെ കൂടി ഉള്‍പ്പെടുത്തി. പട്ടികയില്‍ ഇതോടെ 2079 പേരായി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ ചെന്നൈ ആസ്ഥാനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജിയിലെ വിദഗ്ധര്‍ ഗവ. ഗെസ്റ്റ് ഹൗസില്‍ മന്ത്രി കെ.കെ. ശൈലജയുമായി ചര്‍ച്ച നടത്തി. ഡോക്ടര്‍മാരായ എ.പി. സുഗുണന്, തരുണ്‍ ഭട്നഗര്‍, പി. മാണിക്കം, കരിഷ്മ കൃഷ്ണന്, ആരതി രഞ്ജിത്ത് എന്നിവരാണ് സംഘത്തിലുള്ളത്.
0 Comments