ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ അണിഞ്ഞൊരുകനൊരുങ്ങി ടൂറിസം വകുപ്പ്

 വടകര സാൻഡ് ബാങ്ക്സ്

കോഴിക്കോട്:വിനോദസഞ്ചാരികൾക്കായി ആതിഥേയത്വത്തിന്റെ പരവതാനിയും വിരിച്ചു കോഴിക്കോട് അണിഞ്ഞൊരുങ്ങുന്നു. ടൂറിസം വകുപ്പിന്റെ പദ്ധതിയായ ഗ്രീൻ കാർപ്പറ്റിൽപ്പെടുത്തി ജില്ലയിലെ നാലു കേന്ദ്രങ്ങളാണു നവീകരിക്കുന്നത്. കാപ്പാട് ബീച്ച്, വടകര സാൻഡ് ബാങ്ക്സ്, സരോവരം ബയോപാർക്ക്, തുഷാരഗിരി എന്നിവിടങ്ങളിലാണു നവീകരണം. കാപ്പാടിന് 99.94 ലക്ഷവും സാൻഡ് ബാങ്ക്സിന് 99.36 ലക്ഷവും സരോവരത്തിന് 99.95 ലക്ഷവും തുഷാരഗിരിക്ക് 54.72 ലക്ഷവും ലഭിച്ചിട്ടുണ്ട്.

തുഷാരഗിരി

പ്രവൃത്തികളുടെ കരാർ നടപടികൾ പുരോഗമിക്കുകയാണ്. കാപ്പാട്, സാൻഡ് ബാങ്ക്സ് പദ്ധതികളുടെ നിർവഹണ ഏജൻസികൾ വാപ്കോസും സരോവരത്തിന്റേതു യുഎൽസിസിഎസും തുഷാരഗിരിയുടേതു കെല്ലുമാണ്. സിവിൽ ജോലികൾ, ഇരിപ്പിടങ്ങൾ, തെരുവ് വിളക്ക്, വൈദ്യുതീകരണം, സിസിടിവി, ലാൻഡ് സ്കേപിങ്, കുടിവെള്ള കിയോസ്ക്, ചവറ്റുകുട്ട, ശുചിമുറി സംവിധാനം തുടങ്ങിയവയാണ് ഓരോ കേന്ദ്രത്തിലെയും നവീകരണത്തിൽ ഉൾപ്പെടുന്നത്.

സരോവരം ബയോപാർക്ക്

ഇതുകൂടാതെ കോഴിക്കോട് ബീച്ചിന്റെ രണ്ടാംഘട്ട നവീകരണത്തിന്റെ ഡിപിആറും തയാറാക്കി വരികയാണെന്നു ടൂറിസം ജോയിന്റ് ഡയറക്ടർ സി.എൻ. അനിതകുമാരി പറഞ്ഞു. ഇപ്പോൾ ആദ്യഘട്ടമായി കൾചറൽ ബീച്ച് എന്ന ഭാഗത്തിന്റെ നവീകരണം നടന്നുവരികയാണ്. കാമ്പുറം മേഖലയിൽ നടപ്പാക്കുന്ന രണ്ടാംഘട്ട നവീകരണത്തിൽ സ്പോർട്സ് ബീച്ചാണ് ഒരുക്കുന്നത്. ഇതോടൊപ്പം പെരുവണ്ണാമൂഴി ഡാമിനോടു ചേർന്ന പൂന്തോട്ടം, ബേപ്പൂർ തീരം എന്നിവയുടെ നവീകരണത്തിനുള്ള ഡിപിആറുകളും തയാറായി വരികയാണെന്നും ജോയിന്റ് ഡയറക്ടർ അറിയിച്ചു.

കാപ്പാട് ബീച്ച്‌
കൂടാതെ ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭ്യമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ പട്ടികയിൽ ഉൾപ്പെട്ട ബീച്ചികളിലൊന്നായ കാപ്പാട് ബീച്ചിൽ വൻവികസനമാണു പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയം തിരഞ്ഞെടുത്ത രാജ്യത്തെ 13 ബീച്ചുകളിലൊന്നാണിത്. ശുചിത്വം, മാലിന്യ നിർമാർജനം, സന്ദർശകരുടെ സുരക്ഷിതത്വം, ബീച്ചിലെ ജലനിലവാരം എന്നിവയിലെ മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തി ആഗോള സംഘടനയായ ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എജ്യുക്കേഷനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുന്നത്. ആഗോള ടൂറിസം രംഗത്ത് ബീച്ചിന്റെ പ്രചാരത്തിനു സർട്ടിഫിക്കറ്റ് സഹായകമാകും. പൂർണമായ ശുചിത്വം നിലനിർത്തുക, ഫലപ്രദമായ മാലിന്യനിർമാർജന സംവിധാനങ്ങൾ സ്ഥാപിക്കുക, ബീച്ചിലെത്തുന്നവരുടെ സുരക്ഷ മുൻനിർത്തിയുള്ള മുൻകരുതലുകളും ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾക്കാണു പദ്ധതിയിൽ മുൻതൂക്കം.

Post a Comment

0 Comments