പെരുന്നാൾ തിരക്കിലമർന്ന് കോഴിക്കോട്


Photo credit:sreeJeish Kv
കോഴിക്കോട്:ഖൽബിൽ തേനൊഴുകുന്ന കോയിക്കോടാണെന്നതിനു ഉദാഹരണമാണ് ഇന്നലത്തെ നഗരത്തിലെ തിരക്ക്. കോഴിക്കോടിന്റെ രുചിയറിഞ്ഞവർ അത് ഉപേക്ഷിക്കില്ലെന്നുള്ളതാണ് സത്യം. ഇന്നലെ വിവിധ ഹോട്ടലുകളിലായി ഒരുക്കിയ നോമ്പുതുറയിൽ ഒട്ടേറെപ്പേരാണ് പങ്കെടുത്തത്. നിപ്പ ഭയം നഗരത്തെ വിട്ടൊഴിഞ്ഞുകഴിഞ്ഞു. ഇനി പെരുന്നാൾ രാവ് വരെ നഗരം ഫുൾ ഓൺ ആണ്. നിപ്പ കാരണം ചലനം നിലച്ച വിപണി വീണ്ടും പഴയ മട്ടിലായി. രാത്രിയും പകലും ഒരു പോലെ കച്ചവടം പൊടിപൊടിച്ചു. സ്ത്രീകളും കുട്ടികളും അടക്കം ഒട്ടേറെപ്പേരാണ് ഇന്നലെ നഗരത്തിലെത്തിയത്. നാളെ സ്കൂൾ തുറക്കുന്നതും പെരുന്നാളും ഒരുമിച്ചുവന്നതോടെ കച്ചവടം ഉഷാറായി. മാളുകളിലും കടപ്പുറത്തും സിനിമാ തിയറ്ററുകളിലും തിരക്കുണ്ടായി. ഉച്ചയ്ക്കുശേഷം മഴ പെയ്യാതിരുന്നത് കച്ചവടക്കാർക്കും ജനത്തിനും ഏറെ ഉപകാരമായി.

റോഡുകളിൽ വാഹനങ്ങൾ പതിവുപോലെ ഓടിത്തുടങ്ങി. പാർക്ക് ചെയ്യാൻ ഡ്രൈവർമാർ കഷ്ടപ്പെടുന്ന പതിവുകാഴ്ചയായിരുന്നു മിക്കയിടങ്ങളിലും. തുണിക്കടകളിലടക്കം ഇന്നലെ കച്ചവടം പൊടിപൊടിച്ചു. നാളുകൾക്കു ശേഷം ആളുകൾ കുടുംബസമേതമെത്തി ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചു. നിശ്ചലമായിരുന്ന ഹോട്ടൽ മേഖല ഉണർന്നു പഴയ ഗതിവേഗം കൈവരിച്ചു. വവ്വാൽ ഭീതിയിൽ നിപ്പ തകർത്ത പഴവർഗങ്ങളുടെ വിപണിയും പഴയതുപോലെയായി. രാത്രിയും പകലും ജനം നഗരത്തിലെത്തി ആഘോഷ ദിനങ്ങളെ വീണ്ടെടുത്തു തുടങ്ങി.

Post a Comment

0 Comments