റിപ്പോർട്ട് കണ്ട് ഞെട്ടി നഗരം: പുലർച്ചെ നഗരത്തിലിറങ്ങുന്നത്​ 13,000-ത്തിലേറെ തെരുവുനായക്കൾ


കോഴിക്കോട്: പുലർച്ച അഞ്ചിനും 7.30നുമിടയിൽ കോഴിക്കോട് നഗരത്തിലെ 75 വാർഡുകളിലുമായി 13,000ത്തിലേറെ നായ്ക്കൾ തെരുവിലിറങ്ങുന്നതായും അവയുടെ ആക്രമണത്തിന് ഏറ്റവുമധികം ഇരയാവുന്നത് കുട്ടികളും വയോജനങ്ങളുമാണെന്നും സർവേ റിപ്പോർട്ട്. ഞെളിയൻ പറമ്പിനകത്ത് കഴിയുന്നത് 300ഒാളം നായ്ക്കളാണ്. നഗരത്തിൽ പൂളക്കടവിൽ അത്യാധുനിക എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) ആശുപത്രി പ്രവർത്തനം തുടങ്ങുന്നതി​ന്റെ മുന്നോടിയായി നഗരസഭ ആഭിമുഖ്യത്തിൽ നടത്തിയ തെരുവുനായ സർവേയുടെ റിപ്പോർട്ടിലാണ് നിർദേശം. ടാഗോർ ഹാളിൽ ലോക ജന്തുജന്യരോഗ ദിനാചരണം സംസ്ഥാനതല ചടങ്ങിൽ എ. പ്രദീപ്കുമാർ എം.എൽ.എ റിപ്പോർട്ട് പ്രകാശനം ചെയ്തു. സംസ്ഥാനത്ത് ഇത്തരം റിപ്പോർട്ട് തയാറാക്കുന്ന ആദ്യ നഗരസഭയാണ് കോഴിക്കോട്. കടിയേൽക്കുന്നത് ഒഴിവാക്കാൻ കുട്ടികൾക്കും പ്രായമായവർക്കും ബോധവത്കരണം അത്യാവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്. നായകളെ ഉേപക്ഷിക്കുന്നത് തടയാൻ ഉടമകളുടെ പേരുകൾ അടയാളപ്പെടുത്തിയ മൈക്രോ ചിപ്പിങ് സംവിധാനം നിർബന്ധമാക്കണം. നഗരത്തിലെ ഭക്ഷണാവശിഷ്ടങ്ങളാണ് നായകൾ കൂടാൻ കാരണമെന്നതിനാൽ കാര്യക്ഷമമായ മാലിന്യനിർമാർജന സംവിധാനം വേണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. പുതിയ വീടുകളും ഹോട്ടലുകളും മറ്റും പണിയുേമ്പാൾ ഭക്ഷണാവശിഷ്ടങ്ങൾ നായ്ക്കളിൽ എത്താത്തവിധം സംസ്കരിക്കാനുതകുന്ന സംവിധാനം നിർബന്ധമാക്കണം. കണ്ടെത്തിയ നായ്ക്കളിൽ 16 ശതമാനം കുട്ടികളാണ്. പട്ടികളിൽ 24 ശതമാനവും മുലയൂട്ടുന്നവയാണ്. 1.1 ശതമാനം നായ്ക്കൾക്ക് ഉടമകുളുണ്ടെങ്കിലും അലഞ്ഞുതിരിയുന്നവയാണ്. കണ്ടെത്തിയ നായ്ക്കളിൽ 3.4 ശതമാനം പേരുകേട്ട ഉന്നത കുലജാതരായ ഇനങ്ങളാണ്. 85 ശതമാനം നായ്ക്കളും ആരോഗ്യമുള്ളവയാണ്. 12 ശതമാനത്തോളം മെലിഞ്ഞൊട്ടിയവയും 0.7 ശതമാനം പൊണ്ണത്തടിയുള്ളവയുമാണ്. 2.2 ശതമാനത്തോളം നായ്ക്കൾ രോഗമുള്ളവയാണ്. മൊത്തം 58.7 ശതമാനം നായ്ക്കളുടെ ലിംഗനിർണയം നടത്തിയതിൽ ആൺ പെൺ അനുപാതം 1:18 ആണെന്നും കണ്ടെത്തി. എ.ബി.സി ആശുപത്രി പൂളക്കടവിൽ പ്രവർത്തനം തുടങ്ങി ഒരുകൊല്ലം കഴിഞ്ഞാൽ വീണ്ടും സർവേ നടക്കും. പൂക്കോട് വെറ്ററിനറി കോളജ് എൻ.എസ്.എസ് യൂനിറ്റ് ആഭിമുഖ്യത്തിൽ മാർച്ച് മൂന്നിനും ഒമ്പതിനുമിടയിൽ നടത്തിയ സർവേ റിപ്പോർട്ടാണ് പുറത്തുവിട്ടത്.

Post a Comment

0 Comments