കോഴിക്കോട് മെഡിക്കൽ കോളേജ്: അടിയന്തിര വികസനത്തിനായി 6.38 കോടിയുടെ ഭരണാനുമതി



കോഴിക്കോട്: മികവിന്റെ കേന്ദ്രമാക്കി കോഴിക്കോട് മെഡിക്കൽ കോളേജിനെ മാറ്റിന്നതിന്റെ ഭാഗമായി അടിയന്തിര വികസനത്തിന് സംസ്ഥാന സർക്കാർ 6,37,91,000 രൂപയുടെ ഭരണാനുമതി നൽകി. കാൻസർ ചികിത്സയ്ക്കുള്ള ഉപകരണങ്ങൾ വാങ്ങുന്നതിനും കൂടുതൽ വെൻഡിലേറ്റർ നിർമിക്കുന്നതിനുമെല്ലാം തുക അനുവദിച്ചിട്ടുണ്ട്.

സ്തനാർബുദം വേഗത്തിൽ കണ്ടുപിടിക്കാനായുള്ള ഡിജിറ്റൽ മാമോഗ്രാം മെഷീന് 1.75 കോടി രൂപയും പ്രസവകാലത്ത് സീടെൽ റേഡിയോളജിയുടെ ഭാഗമായി ആന്റിനേറ്റൽ സ്​കാനിംഗിന് വേണ്ടിയുള്ള മൂന്ന് ഹൈ എന്റ് 4ഡി അൾട്രാ സൗണ്ട് മെഷീൻ വാങ്ങുന്നതിന് 1.62 കോടി രൂപയും 500 എം.എ. എക്‌​സ്‌​റേ മെഷീൻ വാങ്ങാനായി 40 ലക്ഷം രൂപയും അനുവദിച്ചു. അബോധാവസ്ഥയിലുള്ള കുട്ടികൾക്ക് ട്യൂബിടുമ്പോൾ അന്നനാളത്തിലേക്ക് കയറാതെ കണ്ട് തന്നെ ചെയ്യാൻ കഴിയുന്ന മൂന്ന് ലക്ഷം വിലയുള്ള വീഡിയോ ലാരിൻഗോസ്‌​കോപ്പ് മെഷീൻ, വാർഡിലുള്ള രോഗികൾക്ക് പെട്ടെന്ന് ഹൃദയാഘാതം വരുമ്പോൾ അതിനാവശ്യമായ സാമഗ്രികൾ സൂക്ഷിച്ച് വയ്ക്കുന്ന ക്രാഷ് കാർട്ട് എന്നിവ വാങ്ങും. ഗുരുതര രോഗികൾക്ക് അവിടെ വച്ച് തന്നെ അൾട്രാ സൗണ്ട് സ്​കാനിംഗ് എടുക്കാൻ കഴിയുന്ന പോർട്ടബിൾ അൾട്രാസൗണ്ട് മെഷീന് എട്ട് ലക്ഷവും ശ്വാസകോശ സംബന്ധമായ രോഗികൾക്ക് അവിടെ വച്ച് തന്നെ ബ്രോങ്കോസ്‌​കോപി എടുക്കാൻ കഴിയുന്ന പോർട്ടബിൾ ബ്രോങ്കോസ്‌​കോപിന് എട്ട് ലക്ഷവും വാർഡിൽ കഴിയുന്ന ഗുരുതര രോഗികളെ നിരീക്ഷിക്കാനായുള്ള ഇ.സി.ജി. മോണിറ്റർ വിത്ത് ഡിഫിബ്രിലേറ്റർ ട്രാൻസ്​ക്യൂട്ടനസ് പേസ് മേക്കറിന് നാല് ലക്ഷവും അനുവദിച്ചു.

ഓർത്തോപീഡിക്‌​സ് വിഭാഗത്തിൽ സർജറി സമയത്ത് ഉപയോഗിക്കുന്ന ബാറ്ററി ഓപ്പറേറ്റഡ് പവർഡ്രില്ലിന് 14.73 ലക്ഷവും ബി.പി.യും മറ്റും നിരീക്ഷിക്കുന്നതിനുള്ള മൾട്ടി പാരമീറ്റർ മോണിറ്ററിന് രണ്ട‌് ലക്ഷവും ഓപ്പറേഷൻ സമയത്ത് അണുവിമുക്തമാക്കുന്നതിനുള്ള ഇ.ടി.ഒ.സ്റ്റെറിലൈസറിന് മൂന്ന് ലക്ഷവും പ്രത്യേക സജ്ജീകരണമുള്ള ഓപ്പറേഷൻ ടേബിളിന് 6.94 ലക്ഷം രൂപയും അനുവദിച്ചു. പൾമണറി മെഡിസിൻ വിഭാഗത്തിൽ 50 കെ.ഡബ്ലിയു.എം. എക്‌​സ്‌​റേ മെഷീന് 14 ലക്ഷം രൂപയും കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീനായി 10.54 ലക്ഷവും അനുവദിച്ചിട്ടുണ്ട്. റേഡിയോളജി വിഭാഗത്തിൽ 4ഡി ഫാന്റോം 4 സി.ടി. സിമുലേറ്ററിന് 40 ലക്ഷം, ബ്രാക്കിതെറാപ്പി ഐ.സി.എ. ആപ്ലിക്കേറ്ററിന് 35 ലക്ഷം, ലാപറോസ്‌​കോപിക് മെഷീന് 20 ലക്ഷം, അനസ്തീഷ്യ വർക്ക് സ്റ്റേഷന് 14 ലക്ഷം, പവർ ലോണ്ട്രിക്ക് 10 ലക്ഷം, എസ്.ആർ.ടി. ഇമ്മൊബുലൈസേഷൻ സിസ്റ്റത്തിന് 10 ലക്ഷം, എൻഡോസ്‌​കോപിക് മെഷീന് 10 ലക്ഷം, കൊബാൾട്ട് മെഷീൻ നെറ്റുവർക്ക് ചെയ്യുന്നതിന് ഏഴ് ലക്ഷം തുടങ്ങിയവയ്ക്കും തുകയനുവദിച്ചു. പുതുതായി 2 വെന്റിലേറ്ററുകൾ വാങ്ങാനായി 28 ലക്ഷം രൂപ അനുവദിച്ചു. പഴയ 35 വെന്റിലേറ്ററുകൾക്ക് പുറമെ 14 വെന്റിലേറ്ററുകൾ എം.എൽ.എ.മാർ അനുവദിച്ചിരുന്നു. ഇതുകൂടാതെ നിപ വൈറസ് ബാധ സമയത്ത് ഏഴ് വെന്റിലേറ്റർ അനുവദിച്ചിരുന്നു. പുതിയ രണ്ട് വെന്റിലേറ്ററുകൾ കൂടി ലഭ്യമാകുന്നതോടെ 58 വെൻഡിലേറ്ററുകളാണ് മെഡിക്കൽ കോളേജിൽ ഉണ്ടാകുക. ഇതോടെ മെഡിക്കൽ കോളേജിൽ വെൻഡിലേറ്റർ സൗകര്യം കൂടുതൽ മെച്ചപ്പെടും.

Post a Comment

0 Comments