ബാലുശ്ശേരി ബസ് സ്റ്റാൻഡ് നവീകരണം; പ്രവൃത്തി ഉദ്ഘാടനം നാളെ



കോഴിക്കോട്: ബാലുശ്ശേരി ബസ് സ്റ്റാൻഡ് ആധുനിക രീതിയിൽ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിനു പുരുഷൻ കടലുണ്ടി എംഎൽഎ നിർവഹിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാടും സെക്രട്ടറി സി.പി. സതീശനും അറിയിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടു കോടി രൂപ ചെലവിലാണു നവീകരിക്കുന്നത്. 1.66 കോടി രൂപയുടെ പദ്ധതിക്കാണു സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത്. നിലവിൽ ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാനാണു മുൻതൂക്കം നൽകുന്നതെന്നു സ്ഥിരം സമിതി അധ്യക്ഷരായ പെരിങ്ങിനി മാധവനും കെ.കെ. പരീദും പറഞ്ഞു.

ഇതിനായി വിശാലമായ വിശ്രമമുറി, ശുചിമുറികൾ, സ്ത്രീകൾക്കു പ്രത്യേക സൗകര്യങ്ങൾ, പൊലീസ് എയ്ഡ് പോസ്റ്റ്, സിസി ടിവി കൺട്രോൾ റൂം എന്നിവ ഉൾക്കൊള്ളിച്ചതാണ് ആദ്യഘട്ട രൂപരേഖ തയാറാക്കിയിരിക്കുന്നത്. 16-നു നിർമാണ പ്രവൃത്തികൾ തുടങ്ങും. ഊരാളുങ്കൽ ലേബർ കോൺട്രാക്ടിങ് സൊസൈറ്റിയാണു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. എട്ടുമാസം കാലാവധിയാണു നിർമാണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. ബസ് സ്റ്റാൻഡിലെ വ്യാപാരികളുടെ പ്രയാസങ്ങൾ കുറയ്ക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങിയാൽ ബസുകൾ മെയിൻ റോഡിന് അരികിൽ മൂന്നിടത്തായി നിർത്തിയാണു സർവീസ് നടത്തുക.

Post a Comment

0 Comments