കോഴിക്കോട്– ബാലുശ്ശേരി റോഡ് വികസനം: കല്ലുനാട്ടൽ സെപ്റ്റംബർ 30-ന് അകം

കോഴിക്കോട് – ബാലുശ്ശേരി റോഡ് (കക്കോടി അങ്ങാടി)

കോഴിക്കോട്:കോഴിക്കോട് – ബാലുശ്ശേരി റോഡ് വികസനത്തിന്റെ ഭാഗമായി സർവേ നടത്തി കല്ലുനാട്ടൽ സെപ്റ്റംബർ 30-ന് അകം പൂർത്തിയാക്കും. ഇതിനാവശ്യമായ ഭൂമി അടിയന്തര ആവശ്യം എന്ന നിലയിൽ ഏറ്റെടുക്കാനും മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. സർവേ കല്ലുകൾ നാട്ടുന്നതിനായി രണ്ടു തവണ കരാർ ക്ഷണിച്ചെങ്കിലും ആരും ഏറ്റെടുത്തില്ല.

തുടർന്നാണ് പ്രവൃത്തി ക്വട്ടേഷൻ അടിസ്ഥാനത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപിച്ചത്. റവന്യു വകുപ്പിന്റെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കുക. കാരപ്പറമ്പ് മുതൽ ബാലുശ്ശേരി മുക്കു വരെ 20.3 കിലോമീറ്റർ നീളമാണ് ഈ റോഡിനുള്ളത്. കാരപ്പറമ്പ് മുതൽ വേങ്ങേരി ജംക്‌ഷൻവരെ നാലുവരി പാതയായും (20 മീറ്റർ‌ വീതി) അവിടം മുതൽ ബാലുശ്ശേരിവരെ രണ്ടുവരി പാതയായുമാണ് (12 മീറ്റർ വീതി) വീതി കൂട്ടി നവീകരിക്കുക. റോഡ് നവീകരണത്തിനായി 89.35 കോടി രൂപയാണ് വകയിരുത്തിയത്. ഇൻഫ്രാസ്ട്രെക്ചർ കമ്പനി കേരള ലിമിറ്റഡാണ് (റിക്) പദ്ധതി തയാറാക്കിയത്. ബൈപാസിൽ വേങ്ങേരി ജംക്‌ഷനിൽ ദേശീയ പാത വിഭാഗം അണ്ടർപാസ് നിർമിക്കും. ഇതിനു മുകളിലൂടെയാണ് ബാലുശ്ശേരി റോഡ് പോവുക. എ. പ്രദീപ് കുമാർ എംഎൽഎ, കലക്ടർ യു.വി. ജോസ്, റിക് മാനേജിങ് ഡയറക്ടർ എൻ. ബിന്ദു, എൽഎ ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments