ഫ്ലെക്സുകളും റിസൈക്ലിങ് ചെയ്യാം -സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ


കോഴിക്കോട്:പരിസ്ഥിതിക്ക് നാശമാകുന്ന ഫ്ലെക്സുകളും റെക്സിനുകളും പുനഃചക്രമണം ചെയ്യുന്ന പദ്ധതിയുമായി ഫ്ലെക്സ് നിർമാതാക്കളുടെ സംഘടനയായ സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ രംഗത്തെത്തുന്നു. തങ്ങളുടെ വ്യവസായത്തിൽ നിന്നുണ്ടാകുന്ന മാലിന്യങ്ങൾ തങ്ങൾ തന്നെ സംസ്കരിക്കുന്ന പദ്ധതിയാണ് അസോസിയേഷൻ രൂപവൽക്കരിച്ചിരിക്കുന്നത്. നിറവ് വേങ്ങേരിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിനായി കർണാടകയിലെ മാണ്ഡ്യയിൽ അസോസിയേഷൻ 40 ലക്ഷം രൂപ ചെലവിൽ ഒരു പുനഃചംക്രമണ യൂണിറ്റ് സ്ഥാപിക്കുകയാണ്. ഈ പ്ലാന്റിൽ നിറവ് വേങ്ങേരിയുടെ പ്രവർത്തകരുടെ സഹകരണത്തോടെയാണ് ഫ്ലെക്സുകളും റെക്സിനുകളും രൂപമാറ്റം വരുത്തുക. ഇതിന്റെ ഭാഗമായി ഇന്നു മുതൽ ജില്ലയിൽ നിന്നു കാലാവധി കഴിഞ്ഞ ഫ്ലെക്സുകൾ നീക്കം ചെയ്യും. ഇന്ന് രാവിലെ ഒൻ‌പതിനു സ്റ്റേഡിയം പരിസരത്ത് കെഡിഎഫ്എ ഓഫിസിനു മുൻപിൽ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ കെ.വി. ബാബുരാജാണ് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുക.

കോർപറേഷൻ പരിധിയിലും, വടകര, കൊടുവള്ളി, താമരശേരി മുനിസിപ്പാലിറ്റികളിലും ഇന്ന് കാലാവധി കഴിഞ്ഞ ഫ്ലെക്സുകൾ അസോസിയേഷൻ ശേഖരിക്കും. ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി നഗരത്തിലും നാട്ടിൻപുറങ്ങളിലുമെല്ലാം ഉയർന്ന ഫ്ലെക്സുകൾ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ സംസ്കരിക്കാനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. എല്ലാമാസവും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ സഹായത്തോടെയാണ് കാലാവധി കഴിഞ്ഞ ഫ്ലെക്സുകൾ ശേഖരിക്കുക.

ഇങ്ങനെ ശേഖരിക്കുന്ന ഫ്ലെക്സ്കൾ മാസത്തിൽ ഒരു ദിവസം ഒന്നിച്ച് ലോറിയിൽ മാണ്ഡ്യയിലെ പുനഃചംക്രമണ യൂണിറ്റിലെത്തിക്കും. ഇതിനു പുറമെ കാലാവധി കഴിഞ്ഞ ഫ്ലെക്സുകൾ കിലോയ്ക്ക് അഞ്ച് രൂപ നിരക്കിൽ ഫ്ലെക്സുകൾ വിൽക്കുന്ന കടകളിൽ തിരിച്ചെടുക്കുന്ന പദ്ധതിയും അസോസിയേഷൻ ആവിഷ്കരിച്ചിട്ടുണ്ട്. ജില്ലയിൽ കലക്ടർ ആവിഷ്കരിച്ചിട്ടുള്ള സീറോ വേസ്റ്റ് പദ്ധതിയുമായി സഹകരിച്ചാണ് സൈൻ പ്രിന്റിങ് ഇൻഡസ്ട്രീസ് അസോസിയേഷൻ ഈ പദ്ധതി ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി അസോസിയേഷൻ ജില്ലാ ഭാരവാഹികൾ ഇന്നലെ കലക്ടർ യു.വി. ജോസുമായി ഈ പദ്ധതിയെക്കുറിച്ചു ചർച്ച ചെയ്യുകയും പദ്ധതിക്ക് ജില്ലാ ഭരണകൂടം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായും അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എ.പി. ജെയ്സൽ പുല്ലാളൂർ പറഞ്ഞു. ജില്ലയിൽ ഫ്ലെക്സ് മാലിന്യം കണ്ടാൽ ബന്ധപ്പെടേണ്ട ഫോൺ നമ്പർ :9947278414, 9447971186

Post a Comment

0 Comments