എയിംസ‌് കോഴിക്കോടിന്റെ ആരോഗ്യക്കുതിപ്പിന‌് ചിറകാവും



കോഴിക്കോട‌്:ഓൾ ഇന്ത്യ ഇൻസ‌്റ്റിറ്റ്യൂട്ട‌് ഒാഫ‌് മെഡിക്കൽ സയൻസ‌്(എയിംസ‌്) കേരളത്തിൽ അനുവദിക്കാമെന്ന കേന്ദ്ര ഉറപ്പ‌് കോഴിക്കോടിന്റെ ആരോഗ്യക്കുതിപ്പുകൾക്ക‌് ചിറക‌് നൽകും. മന്ത്രി കെ കെ ശൈലജ കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നഡ്ഡയുമായി നടത്തിയ കൂടികാഴ‌്ചയ‌്ക്ക‌ുശേഷമാണ‌്  കേന്ദ്രം അനുകൂല നിലപാട‌് അറിയിച്ചത‌്. ബാലുശേരി കിനാലൂരിലാണ‌് എയിംസിനായി സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തിയത‌്.  ഇവിടെ എയിംസ‌് യാഥാർഥ്യമാവുകയാണെങ്കിൽ ആരോഗ്യമേഖലയുടെ പഠനത്തിനും ഗവേഷണത്തിനുമൊപ്പം ജില്ലയുടെ ആകെ കുതിപ്പിന് പ്രധാന ചുവടുവയ‌്പ്പാവും. കേന്ദ്ര സംഘം സ്ഥലം  പരിശോധിച്ച‌് നൽകുന്ന റിപ്പോർട്ട‌് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാലേ പദ്ധതി നടപ്പാകൂ. കഴിഞ്ഞ മൂന്ന‌് തവണയും എയിംസ‌് എന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിരുന്നില്ല.   നേരത്തെ തിരുവനന്തപുരവും കോട്ടയവുമടക്കം നാല‌് സ്ഥലങ്ങൾ പരിഗണനയിൽ ഉണ്ടായിരുന്നു.

കിനാലൂരിൽ  വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ‌് എയിംസ‌് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത‌്. ഇതിൽ ഉഷ സ‌്കൂൾ ഒാഫ‌് അത‌്‌ലറ്റി‌ക‌്സ‌്, ബാലുശേരി ഗവ. കോളേജ‌്, കെഎസ‌്ഇബി സ‌ബ‌്സ‌്റ്റേഷൻ എന്നിവയ‌്ക്ക‌് സ്ഥലം നൽകിയിരുന്നു.  120 ഏക്കർ സ്ഥലമാണ‌് ബാക്കിയുള്ളത‌്. നൂറ‌ുകണക്കിന‌് ഏക്കർ സ്വകാര്യ ഭൂമിയും പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട‌് പ്രാഥമിക പരിശോധനയ‌്ക്കായി 2012ൽ സംഘം സ്ഥലം സന്ദർശിച്ചിരുന്നു. എയിംസ‌് ഇവിടെ സാക്ഷാത‌്കരിച്ചാൽ ബാലുശേരിയുടെ വികസന ഭൂപടത്തിലും നിർണായക മാറ്റങ്ങളുണ്ടാകും.

Post a Comment

0 Comments