കൊടുവള്ളി ജ്വല്ലറി കവർച്ച: മൂന്നാമത്തെ പ്രതി ജാർഖണ്ഡിൽ പിടിയിൽ


കോഴിക്കോട്:കൊടുവള്ളി സിൽസില ജ്വല്ലറി കവർച്ചക്കേസിലെ ഒരു പ്രതികൂടി ജാർഖണ്ഡിൽ പൊലീസ് പിടിയിൽ.  മൂന്നാമത്തെ പ്രതി ജാർഖണ്ഡ് ഉദുവ സ്വദേശി മഹമൂദ് ഹുസൈനെയാണ് കൊടുവള്ളി എസ്‌ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നിന‌് പൊലീസ് സംഘം മഹമൂദ് ഹുസൈനെ വീട്ടിൽ കയറി പിടികൂടുകയായിരുന്നു. മാവോയിസ‌്റ്റ‌് സ്വാധീനമുള്ള പ്രദേശത്തെ പൊലീസിന്റെ സഹായമില്ലാതെയാണ്  അറസ‌്റ്റ‌്. നേരത്തെ പിടിയിലായ രണ്ടാം പ്രതി  ജാർഖണ്ഡ് ഉദുവ സ്വദേശി സപൻ രജകി(31)നെയുംകൊണ്ട് നാട്ടിലേക്ക് തിരിക്കുന്നതിനിടെ ലഭിച്ച വിവരത്തെ തുടർന്നാണ് പൊലീസ് ഹുസൈനെ കസ്റ്റഡിയിലെടുത്തത്.

കവർച്ചക്കേസിൽ മൂന്നു പേരെയാണ് കൊടുവള്ളി പൊലീസ് പശ്ചിമബംഗാൾ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി അക്രം സമാനെ മെയ് 27ന്  പശ്ചിമ ബംഗാളിൽനിന്ന‌്  അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 30ന് രണ്ടാം പ്രതി സപൻ രജകി(31)നെ രാധാനഗർ പൊലീസിന്റെ സഹായത്തോടെയും പിടികൂടി. ദുർഘടമായ പാതയിലൂടെ കിലോമീറ്ററുകൾ യാത്ര ചെയ‌്ത് നാട്ടുകാരുടെ എതിർപ്പിനെ വകവയ‌്ക്കാതെയാണ് ഇയാളെ പിടികൂടിയത്. വീടിന്റെ പിറകുവശത്ത‌് മണ്ണിൽ കുഴിച്ചിട്ട നിലയിൽ 119 ഗ്രാം സ്വർണവും പിടിച്ചെടുത്തിരുന്നു.

ഉദുവയിലെ വനമേഖലകളിലൂടെ 30 കിലോ മീറ്ററോളം ജീപ്പിൽ സഞ്ചരിച്ച് പ്രതിയുടെ വീട്ടിലെത്തിയാണ്  പിടിച്ചത‌്. പൊലീസ് സംഘത്തെ ഗ്രാമവാസികൾ തടഞ്ഞെങ്കിലും രാധാനഗർ പൊലീസ് എകെ 47 തോക്കുകൾ ചൂണ്ടി വിരട്ടിയോടിക്കുകയായിരുന്നു.  സീനിയർ സിവിൽ പൊലീസ് ഓഫീസർ ജയപ്രകാശ്, താമരശേരി ഡിവൈഎസ‌്പി പി സി സജീവന്റെ ക്രൈം സ്‌ക്വാഡ് അംഗം ഹരിദാസ്, ഹോം ഗാർഡ് ഷാജി ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

0 Comments