കെ.എസ്.ആർ.ടി.സി. മലബാർ മേഖല ഓപ്പറേഷൻ ഇനി കോഴിക്കോട്ടുനിന്ന്: ഉദ്ഘാടനം തിങ്കളാഴ്ച്ചകോഴിക്കോട്: കെ.എസ്.ആർ.ടി.സി.യെ മൂന്ന് സ്വതന്ത്രമേഖലകളായി തിരിക്കുന്ന നടപടി പൂർത്തിയായതോടെ ഇനി മലബാർമേഖലയിലെ മുഴുവൻ സർവീസ് ഏകോപനവും ഭരണനിർവഹണവും നടക്കുക കോഴിക്കോട് കേന്ദ്രീകരിച്ച്. കോഴിക്കോട് കെ.എസ്.ആർ.ടി.സി. ടെർമിനൽ ആസ്ഥാനമായുള്ള ഉത്തരമേഖലയുടെ പരിധിയിൽ കോഴിക്കോടിനുപുറമേ പാലക്കാട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട്‌ എന്നീ ജില്ലകളാണ് ഉൾപ്പെടുന്നത്. നിലവിൽ 945 ബസുകളുള്ള ഉത്തരമേഖലയ്ക്കും എറണാകുളം ആസ്ഥാനമായുള്ള മധ്യമേഖലയ്ക്കും കൂടുതൽ ബസുകൾ അനുവദിക്കാനാണ് കെ.എസ്.ആർ.ടി.സി. തീരുമാനിച്ചിരിക്കുന്നത്.

കോഴിക്കോട് കെ.എസ്.ആർ.ടി.സി. ടെർമിനലിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന ഉത്തരമേഖലാ ഓഫീസിന്റെ ഉദ്ഘാടനം കോഴിക്കോട് ഡിപ്പോ പരിസരത്ത് തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. എ. പ്രദീപ്കുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കും. മേഖലാവത്കരണത്തോടെ സോണൽ ഓഫീസർമാർക്ക് അതത് മേഖലകളുടെ പൂർണചുമതല ലഭ്യമാവും. ഉത്തരമേഖലാ അധികാരിയായി നിലവിലെ മേഖലാ എക്സിക്യുട്ടീവ് ഡയറക്ടർ സി.വി. രാജേന്ദ്രൻ ചുമതലയേൽക്കും. നിലവിലെ സോണൽ മാനേജർ ജോഷി ജോൺ ഓപ്പറേഷൻ മേധാവിയായും മുൻ സോണൽ ഓഫീസർ സഫറുള്ള മെക്കാനിക്കൽ വിഭാഗം മേധാവിയായും പി. രാജീവൻ ഭരണവിഭാഗം മേധാവിയായും ചുമതലയേൽക്കും.

Post a Comment

0 Comments