ലോറി സമരം ആരംഭിച്ചിട്ട് ആറു ദിനം; അവശ്യസാധനങ്ങള്‍ക്ക് പൊള്ളും വിലകോഴിക്കോട്: ചരക്കുലോറി സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തേക്കുള്ള പച്ചക്കറി, പഴം, പലചരക്ക് വരവ് നിലച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചുതുടങ്ങി. ഡീസല്‍ വിലവര്‍ധനവ് പിന്‍വലിക്കുക, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരമാണ് ആറാം ദിനത്തിലേക്കു കടന്നത്.

അവശ്യസാധനങ്ങള്‍ക്ക് കാര്യമായ വിലവര്‍ധനവാണു കഴിഞ്ഞദിവസങ്ങളിലുണ്ടായത്. തക്കാളി, പച്ചമുളക്, പയര്‍, സവാള, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള പച്ചക്കറി ഇനങ്ങള്‍ക്ക് 20 ശതമാനത്തോളം വിലവര്‍ധിച്ചിട്ടുണ്ട്. കിലോഗ്രാമിനു 40 രൂപയുണ്ടായിരുന്ന പച്ചമുളകിന് ഇപ്പോള്‍ 75 മുതല്‍ 80 വരെയാണ് മൊത്തവിതരണ നിരക്ക്. ഇത് ഉപഭോക്താവിലേക്കെത്തുമ്പോള്‍ അതിലും വര്‍ധിക്കും. സവാള കിലോയ്ക്ക് 30 രൂപയായി. ഉരുളക്കിഴങ്ങിന് 40 രൂപയാണു വില. മാമ്പഴം ഒഴികെയുള്ള പഴവര്‍ഗങ്ങളുടെ വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. അരി, പഞ്ചസാരയുള്‍പ്പെടെയുള്ള ഇനങ്ങള്‍ ഏതാനും ദിവസങ്ങള്‍ കൂടി സ്റ്റോക്ക് ചെയ്തിട്ടുള്ളതിനാല്‍ വില വര്‍ധനവുണ്ടായിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു. എന്നാല്‍ സമരം തുടരുകയാണെങ്കില്‍ കാര്യങ്ങള്‍ തകിടം മറിയും. ചെറിയ വാഹനങ്ങളില്‍ മാര്‍ക്കറ്റുകളിലേക്ക് ഏതാനും സാധനങ്ങള്‍ എത്തുന്നുണ്ടെങ്കിലും ഇതൊന്നും പര്യാപ്തമല്ല. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണു പ്രധാനമായും സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കം നടക്കുന്നത്. ജില്ലയിലെ പ്രധാന പഴം-പച്ചക്കറി മാര്‍ക്കറ്റായ പാളയത്തെയും പലചരക്ക് കേന്ദ്രമായ വലിയങ്ങാടിയെയും സമരം ബാധിച്ചുതുടങ്ങിയിട്ടുണ്ട്. അതിനിടെ വ്യാപാരികള്‍ കൃത്രിമ ക്ഷാമം വരുത്തുന്നതായും ആക്ഷേപമുണ്ട്.

Post a Comment

0 Comments