കോഴിക്കോട് തീരത്തിന് 25 വർഷത്തിനിടെ നഷ്ടമായത് 570 ഏക്കർ ഭൂമി


 
കോഴിക്കോട്: കാൽനൂറ്റാണ്ടിനിടെ മണ്ണൊലിപ്പിൽ കോഴിക്കോട് കടൽതീരത്തിന് നഷ്ടമായത് 570 ഏക്കർ ‍(230 ഹെക്ടർ) ഭൂമിയെന്ന് സി.ഡബ്ല്യു.ആർ.ഡി.എം. (ജലവിഭവ വികസന വിനിയോഗ കേന്ദ്രം) പഠന റിപ്പോർട്ട് ആഗോളതാപനം കാരണം സമുദ്രനിരപ്പ് ഉയരുന്നത് ഭാവിയിൽ പ്രശ്നം കൂടുതൽ രൂക്ഷമാക്കുമെന്നാണ് പ്രാഥമിക പഠനത്തിലെ സൂചന. വർഷം ശരാശരി ഒമ്പത് ഹെക്ടറോളം ഭൂമിയാണ് ജില്ലയ്ക്ക് നഷ്ടമാവുന്നത്. 1990 മുതൽ 2016 വരെയുള്ള ഉപഗ്രഹചിത്രങ്ങളും വിവരങ്ങളും വിശകലനം ചെയ്തും സ്ഥലങ്ങൾ സന്ദർശിച്ചുമാണ് 72 കിലോമീറ്റർ ദൈർഘ്യമുള്ള കോഴിക്കോട് തീരത്തിന്റെ നഷ്ടം കണക്കാക്കിയത്. 1990 മുതൽ 2016 വരെ 230.9 ഹെക്ടറാണ് കടൽകയറി അപ്രത്യക്ഷമായത്. വർഷംതോറും 8.88 ഹെക്ടർ (21.94 ഏക്കർ) എന്നതോതിലാണ് നഷ്ടമാവുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.


1990 ജനവരി 15-ന്റെ ലാൻഡ്‌സാറ്റ് ടി.എം. ഉപഗ്രഹ ചിത്രവും 2000 ഡിസംബർ 20-ന്റെ ലാൻഡ്‌സാറ്റ് ഇ.ടി.എം. ഉപഗ്രഹചിത്രവും 2016 ഡിസംബർ 28-ന്റെ സെന്റിനൽ-രണ്ട് ഉപഗ്രഹചിത്രവുമാണ് വിശകലനത്തിന് ഉപയോഗിച്ചത്. സമുദ്രനിരപ്പ് ഉയരുന്നത് തീരങ്ങളിലെ മണ്ണൊലിപ്പിന്റെ തോത് കൂടാനിടയാക്കും. കേരള തീരങ്ങളിൽ വർഷംതോറും സമുദ്രനിരപ്പ് ഏഴ് മില്ലിമീറ്റർ ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആഗോളതാപനം കാരണം ധ്രുവങ്ങളിൽ മഞ്ഞുരുകുന്നതാണ് സമുദ്രനിരപ്പ് ഉയരാൻ കാരണം. തീരദേശത്തെ ഭൂഗർഭജലത്തിൽ ഉപ്പുവെള്ളം കലരാനും ചതുപ്പുനിലങ്ങൾ വെള്ളത്തിനടിയിലാവാനും ഇതിടയാക്കും. തീരദേശങ്ങളിൽ ഭാവിയിലുണ്ടാവുന്ന പ്രശ്നങ്ങൾ നേരിടാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് ജലവിഭവ കേന്ദ്രം പഠനം നടത്തിയത്. ഗവേഷകരായ ഡോ. കെ.സി.എച്ച്.വി. നാഗ കുമാർ, ഡോ.വി.പി. ദിനേശൻ, ഡോ. ഗിരീഷ് ഗോപിനാഥ് എന്നിവരുടേതാണ് പഠനം.

Post a Comment

0 Comments