മലബാര്‍ റിവർ ഫെസ്റ്റിവെൽ 2018: ജൂലൈ 18 മുതൽ


കോഴിക്കോട്:മലബാര്‍ റിവർ ഫെസ്റ്റിവെൽ 2018 ന്റെ ഉദ്ഘാടനം ജൂലൈ 18-ന്. ഫെസ്റ്റിവെല്ലിനോടനുബന്ധിച്ച് നടക്കുന്ന മലബാര്‍ വേള്‍ഡ് കയാക്കിംങ് ചാമ്പ്യന്‍ഷിപ്പിനെകുറിച്ച് ജില്ല കലക്ടർ യു.വി ജോസിന്റെ വാക്കുകൾ

"സാമൂതിരിയുടെ കാലം മുതൽക്കെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര കേന്ദ്രമായി കോഴിക്കോട് അറിയപ്പെടുന്നു. ചരിത്രപരമായ പ്രത്യേകതകള്‍ കൊണ്ട് മലബാറിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായും കോഴിക്കോട് ലോക വിനോദസഞ്ചാര ഭൂപടത്തിൽ സുപ്രധാന കേന്ദ്രമായി നിലകൊള്ളുന്നു.

എന്നാല്‍ നിപ വൈറസ് ആക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് മാസം കോഴിക്കോടിനെ/കേരളത്തിനെ സംബന്ധിച്ചിടത്തോളം കടുത്ത പ്രതിസംന്ധിയുടെ നാളുകളായിരുന്നു. കോഴിക്കോട് ജില്ലയിലെ സമസ്ത മേഖലകളേയും നിപ ദുര്‍ബലപ്പെടുത്തി.  കേരളത്തിലെ വ്യാപാര മേഖലയും ടൂറിസം വ്യവസായത്തെയും ഇത് വലിയ തോതിൽ തന്നെ തളർത്തി. നിപ്പയുടെ ഭീഷണി അവസാനിച്ചെങ്കിലും, അത് സൃഷ്ടിച്ച ഭീതിയുടെ തരംഗങ്ങൾ ഇപ്പോഴും മനസ്സുകളിൽ നിലനിൽക്കുന്നു, പ്രത്യേകിച്ച് കോഴിക്കോടിന് പുറത്തുള്ളവരുടെ ഇടയിൽ.

കോഴിക്കോടിനും കേരളത്തിനാകെയും ഇത്തരത്തിലുള്ള വെല്ലുവിളികളെ മറികടന്ന് മുമ്പത്തെക്കാളും ശക്തമായി നിലകൊള്ളാന്‍ കഴിയുമെന്ന് ലോകത്തിന് മുമ്പില്‍ തെളിയിക്കുന്നതിനുള്ള അവസരമാണിത്. ആ വെല്ലുവിളിയേറ്റെടുത്ത് ഒരു പരിധി വരെ മുന്നേറാനും നമുക്കായിട്ടുമുണ്ട്. നിപയെ പരാജയപ്പെടുത്തിയ നമ്മുടെ ഇച്ഛാശക്തിയെ/ആവേശത്തെ ശമിപ്പിക്കാന്‍ കഴിയില്ല എന്ന് അറിയിക്കുന്നതിനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വര്‍ഷംതോറും മലബാര്‍ റിവര്‍ ഫെസ്റ്റ് എന്ന പേരില്‍  കയാക്കിംങ് ചാമ്പ്യന്‍ഷിപ്പ് നടത്താറുണ്ടായിരുന്നു. എന്നാൽ   5 വര്‍ഷമായി പ്രദേശിക തലത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കയാക്കിംങ് ചാമ്പ്യന്‍ഷിപ്പ് ഈ വര്‍ഷം കൂടുതല്‍ ഊര്‍ജ്ജസ്വലമായി ഇരുപത്തി അഞ്ചോളം ലോകരാജ്യങ്ങളില്‍ നിന്നുള്ള കയാക്കിംങ് താരങ്ങളെ അണിനിരത്തി ഒരു വേള്‍ഡ് ചാമ്പ്യന്‍ഷിപ്പായാണ് നടത്തുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മുപ്പതിലധികം കയാക്കിംങ് താരങ്ങളുടെ പ്രധിനിധ്യം ഇതിനകം തന്നെ ഉറപ്പിച്ചു കഴിഞ്ഞു. ഇതില്‍ നിലവിലേയും, മുന്‍വര്‍ഷങ്ങളിലേയും ചാമ്പ്യന്‍മാര്‍, ഒളിമ്പ്യന്‍മാര്‍, റെഡ്ബുള്‍ സ്പോണ്‍സേഡ് അത്ലറ്റുകള്‍ എന്നിവര്‍ ഉല്‍പ്പെടുന്നു.

സംസ്ഥാന വിനോദസഞ്ചാരവകുപ്പും, കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, കോഴിക്കോട് ജില്ലാ പഞ്ചായത്തും, ചക്കിട്ടപ്പാറ, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തും സംയുക്തമായി ബാംഗ്ലൂര്‍ മദ്രാസ് ഫണ്‍ ടൂള്‍സിന്‍റെ നേതൃത്വത്തില്‍ ഗ്രേറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവിന്‍റെ സഹകരണത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജൂലൈ 18 മുതല്‍ 22 വരെ കോഴിക്കോട് ജില്ലയിലെ  ചക്കിട്ടപ്പാറ, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.  മലബാറിലെ, പ്രത്യേകിച്ചും കോഴിക്കോടിലെ സാഹസിക വിനോദസഞ്ചാര സാധ്യതകളെ ആഗോളസാഹസിക വിനോദസഞ്ചാരികള്‍ക്കായി തുറന്നിടുക എന്ന ലക്ഷ്യത്തോടെയാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

ഒന്നൊര മാസത്തോളം തുടരുന്ന വിവിധ സാഹസിക മത്സരങ്ങള്‍ ഉള്‍കൊള്ളിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സാഹസിക ഇനങ്ങളായ മൗണ്‍ന്‍ ടെറയ്ന്‍, ബൈക്കിംങ്, മലബാര്‍ ഓഫ് റോഡ് ചാമ്പ്യന്‍ഷിപ്പ് മുതലായവ ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി സംഘടിപ്പിക്കും.  ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി പ്രീമിയം സീറ്റിംഗും പവലിയനുകളും ഒരുക്കും. 'മലയോര ഫുഡ് ഫെസ്റ്റിവല്‍' നടത്തുവാനും തീരുമാനിച്ചിട്ടുണ്ട് വിനോദസഞ്ചാരികള്‍ക്കായും കയാക്കിംങ് താരങ്ങള്‍ക്കായും പ്രദേശത്ത് ഹോം/ഫാം സ്റ്റേ/ടെന്‍റ് സൗകര്യങ്ങള്‍ ക്രമീകരിക്കും.

ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിലൂടെ നാമെന്താണെന്ന് ലോക ജനതയെ ബോധ്യപ്പെടുത്താനും ചെറിയ ആശങ്കകളാല്‍ നമ്മില്‍ നിന്നകന്ന് നില്‍ക്കുന്ന ലോക ജനതയെ കോഴിക്കോട്ടേക്കും കേരളത്തിലേക്കും തിരിച്ചെത്തിക്കാനുള്ള സുവര്‍ണ്ണാവസരമായും നമുക്കിതിനെ ഉപയോഗിക്കാം. ലോകം ഉറ്റ് നോക്കുന്ന മലബാര്‍ വേള്‍ഡ് കയാക്കിംങ് ചാമ്പ്യന്‍ഷിപ്പ് 2018ലൂടെ കോഴിക്കോടിനെ ഇന്ത്യയുടെ സാഹസിക വിനോദസഞ്ചാരത്തിന്‍റെ തലസ്ഥാനമാക്കി മാറ്റാന്‍ നമുക്ക് കഴിയുമെന്നും പ്രത്യാശിക്കുന്നു."


Post a Comment

0 Comments