കോഴിക്കോട്: മലബാറിലെ മലയോരമേഖലയുടെ കായിക, വിനോദസഞ്ചാര സാധ്യതകൾ ലോകത്തിനുമുന്നിൽ ഒരിക്കൽക്കൂടി തുറന്നുകാട്ടിയ സാഹസിക ജലമത്സരങ്ങൾക്ക് സമാപനം. മലബാർ റിവർഫെസ്റ്റിവലിന്റെ ഭാഗമായി അഞ്ചുദിവസമായി നടന്നുവരുന്ന അന്താരാഷ്ട്ര കയാക്കിങ് ചാമ്പ്യൻഷിപ്പിലെ അവസാന ഇനമായ പ്രൊ ഡൗൺറിവർ എക്‌സ്ട്രീം റേസ് പുല്ലൂരാമ്പാറ ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ നടന്നു.
ന്യൂസീലൻഡിന്റെ ഒളിമ്പിക് താരം മൈക് ഡോസൻ തുടരെ മൂന്നാം ഇനത്തിലും വിജയിയായി റാപ്പിഡ് രാജാപട്ടം സ്വന്തമാക്കി. വനിതകളിൽ സ്ലാലോം വിഭാഗത്തിലും ഡൗൺറിവർ റേസിലും ഒന്നാമതെത്തിയ ഫ്രാൻസിന്റെ നൗറിയാ ന്യൂമാനാണ് റാപ്പിഡ് റാണി. ഞായറാഴ്ച പുരുഷവിഭാഗത്തിൽ ഡോസൻ വിജയിച്ചപ്പോൾ ജർമനിയുടെ അഡ്രിയാൻ മാറ്റേൺ രണ്ടാംസ്ഥാനവും അമേരിക്കയുടെ ഡേൻ ജാക്‌സൺ മൂന്നാമതുമെത്തി. വനിതകളിൽ നൗറിയക്ക് പിന്നിൽ ഹോളണ്ടിന്റെ മാർട്ടിനാ വെഗ്മാനും നിക്കോൾ മാൻസ്‌ഫെഡും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഇരുവഴിഞ്ഞിയിൽ നടക്കേണ്ടിയിരുന്ന കഴിഞ്ഞ രണ്ടുദിവസത്തെ മത്സരങ്ങളും കനത്തമഴയിൽ ജലനിരപ്പുയർന്നതിനാൽ കോടഞ്ചേരി പുലിക്കയത്താണ് നടന്നത്. എന്നാൽ, പ്രൊഫഷണൽ താരങ്ങൾ അണിനിരന്ന അതിസാഹസിക ഇനമായ ഡൗൺറിവർ എക്‌സ്ട്രീം റേസ് അരിപ്പാറയിൽത്തന്നെ നടത്താൻ സംഘാടകർ തീരുമാനിക്കുകയായിരുന്നു.
അരിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ കൊച്ചരിപ്പാറയിലായിരുന്നു സ്റ്റാർട്ടിങ് പോയന്റ്. കനത്ത കുത്തൊഴുക്കുള്ള പുഴയിലെ കൂറ്റൻ പാറകൾക്കിടയിലൂടെ കയാക്ക് തുഴയാൻ അതിവിദഗ്ദർക്കുമാത്രമേ സാധിക്കൂ. പ്ലാറ്റ്‌ഫോമിൽനിന്ന് കയാക്കുമായി ചാടി താരങ്ങൾ ഒരുകിലോമീറ്ററോളം താഴെയുള്ള ഫിനിഷിങ് പോയന്റ് കടക്കുന്നതാണ് മത്സരം. ഒറ്റയ്ക്കൊറ്റക്കാണ് താരങ്ങൾ കയാക്ക് തുഴയുന്നത്. ഏറ്റവും കുറഞ്ഞ സമയത്തിൽ മത്സരം പൂർത്തിയാക്കുന്നവരാണ് വിജയികളാവുക.
അതിസാഹസികത ആവശ്യപ്പെടുന്ന മത്സരത്തിൽ പുരുഷവിഭാഗത്തിൽ നാൽപ്പതുപേർ പങ്കെടുത്തു. ഇതിൽ പതിനഞ്ചുപേർ ഇന്ത്യൻ കയാക്കർമാരായിരുന്നു. വനിതാ വിഭാഗത്തിൽ അഞ്ചുപേരും അണിനിരന്നു. ചക്കിട്ടപാറ, കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് മേള സംഘടിപ്പിച്ചത്. ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നായി ലോകചാമ്പ്യന്മാരും ഒളിമ്പ്യന്മാരും ഉൾപ്പെടെയുള്ള താരങ്ങൾ ചാമ്പ്യൻഷിപ്പിന് എത്തിയിരുന്നു.
0 Comments