6-മത് മലബാര്‍ റിവര്‍ഫെസ്റ്റിനും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാകിങ് ചാമ്പ്യന്‍ഷിപ്പിനും നാളെ തുടക്കം


കോഴിക്കോട്: ആറാമത് മലബാര്‍ റിവര്‍ഫെസ്റ്റിനും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാകിങ് ചാമ്പ്യന്‍ഷിപ്പിനും ബുധനാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് ചക്കിട്ടപ്പാറ മീന്‍തുള്ളിപ്പാറയില്‍ നടക്കുന്ന ചടങ്ങില്‍ താരങ്ങള്‍ക്ക് തുഴ കൈമാറി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഈ വര്‍ഷത്തെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. ജില്ലാ കലക്ടര്‍ യു വി ജോസ്, ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷീജശശി, വൈസ് പ്രസിഡന്റ് കെ സുനില്‍കുമാര്‍, ടൂറിസം വകുപ്പ് ജോ. ഡയറക്ടര്‍ സി.എന്‍ അനിതകുമാരി, ഡി. ടി.പി.സി സെക്രട്ടറി ബിനോയ് വേണുഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. എട്ട് രാജ്യങ്ങളില്‍ നിന്നുള്ള 30 താരങ്ങള്‍ മീന്‍തുള്ളിപ്പാറയില്‍ നടക്കുന്ന ഫ്രീസ്‌റ്റൈല്‍ മത്സരങ്ങളില്‍ പങ്കെടുക്കും.

കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളില്‍ 18 മുതല്‍ 22 വരെയാണ് മലബാര്‍ റിവര്‍ഫെസ്റ്റിലെ മത്സരങ്ങള്‍ നടക്കുന്നത്. അഞ്ച് ദിവസങ്ങളിലായി 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും റാമ്പ് നിര്‍മ്മാണം പുരോഗമിക്കുകയാണ്. മീന്‍തുള്ളിപ്പാറയടക്കം മൂന്ന് കേന്ദ്രങ്ങളിലും പവലിയനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പുഴകളില്‍ മത്സരത്തിനാവശ്യമായ ട്രാക്കുകളും സ്ഥാപിച്ചു.

ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം 19ന് വൈകിട്ട് 5 മണിക്ക് പുലിക്കയത്ത് സഹകരണ, വിനോദസഞ്ചാര, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. ജോര്‍ജ്ജ് എം തോമസ് എംഎല്‍എ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനവും സമ്മാനദാന വിതരണവും 22ന് വൈകിട്ട് അഞ്ച് മണിക്ക് പുല്ലൂരാംപാറയില്‍ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

18ന് ചക്കിട്ടപ്പാറ മീന്‍തുള്ളിപ്പാറയില്‍ നടക്കുന്ന് ഫ്രീസ്‌റ്റൈല്‍ മത്സരങ്ങള്‍ക്ക് ശേഷം 19ന് ഇന്റര്‍മീഡിയറ്റ് മത്സരങ്ങള്‍ കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയില്‍, 20ന് സ്ലാലോം, ബോട്ടോര്‍ ക്രോസ്സ് മത്സരങ്ങള്‍ പുല്ലൂരാംപാറ അരിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഇരുവഞ്ഞിപ്പുഴയില്‍, 21ന് ബോട്ടോര്‍ ക്രോസ്സ് ഫൈനല്‍, ഡൗണ്‍ റിവര്‍ മത്സരങ്ങള്‍ ഇരുവഞ്ഞിപ്പുഴയില്‍, 22ന് സൂപ്പര്‍ ഫൈനല്‍ അരിപ്പാറയില്‍, 22ന് ഇന്റര്‍മീഡിയറ്റ് ഫൈനല്‍ പുലിക്കയം ചാലിപ്പുഴയില്‍ എന്നിങ്ങനെയാണ് മത്സരക്രമം.

സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് സംഘാടകര്‍. മത്സരത്തില്‍ 15 ലക്ഷം രൂപയാണ് സമ്മാനത്തുക. ബംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സ് ആണ് മത്സരങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. ലോകം ഉറ്റുനോക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിങ്ങ് ചാമ്പ്യന്‍ഷിപ്പ് സാഹസിക വിനോദസഞ്ചാര മേഖലയിലെ അവിഭാജ്യ ഘടകമായി കോഴിക്കോടിനെ മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. ഫെസ്റ്റിന്റെ ഭാഗമായി ഓഗസ്റ്റ 12 വരെ വിവിധ ദിവസങ്ങളിലായി മൗണ്ടയിന്‍ ടെറൈന്‍ ബൈക്കിംഗ്, ഓഫ് റോഡ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ സാഹസിക വിനോദ പരിപാടികളും നടക്കും.

Post a Comment

0 Comments