വീണ്ടും വാർത്തകളിൽ കോഴിക്കോടൻ ഓട്ടോഡ്രൈവർമാർ: പട്ടാപകൽ പിടിച്ചുപറി നടത്തിയ ആളെ ഓട്ടോറിക്ഷക്കാർ പിടികൂടി



കോഴിക്കോട്: നഗരത്തിൽ പിടിച്ചുപറി നടത്തിയ പ്രതിയെ ഓട്ടോഡ്രൈവർമാർ പിടിച്ചു പൊലിസിലേൽപ്പിച്ചു. നഷ്ടപ്പെട്ട പഴ്സും പണവും പൊലീസ് പരാതിക്കാരനു നൽകി. കോർപറേഷൻ സ്റ്റേഡിയത്തിനരികിലൂടെ നടന്നു വരികയായിരുന്ന ഫിറോസ് എന്നയാളെ ഗംഗ തിയറ്ററിനു മുന്നിൽ വച്ചു രണ്ട് പേർ ചേർന്നു ബലം പ്രയോഗിച്ച് തടഞ്ഞുനിർത്തി പഴ്സും പണവും തട്ടിയെടുത്തു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിലൊരാളായ തോട്ടുമുക്കം മൈസൂർപറ്റ ചുണ്ടയൻ കുന്നിൽ ഹുസൈനെ (52) സമീത്തെ ഓട്ടോ ഡ്രൈവർമാരുടെ സഹായത്താൽ കസബ പൊലീസ് പിടികൂടി. പരാതിക്കാരനായ ഫിറോസിനെ നിലത്ത് വീഴ്ത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഫിറോസ് ബഹളംവച്ചു പുറകെ ഓടി. കരച്ചിൽ കേട്ടെത്തിയ ഓട്ടോക്കാർ ഹുസൈനെ പിൻതുടർന്നു പിടികൂടുകയായിരുന്നു. സ്ഥലത്തെത്തിയ കസബ എസ്ഐ വി. സിജിത്ത് ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഫിറോസിന്റെ കയ്യിൽ നിന്നും തട്ടിയെടുത്ത പഴ്സും പണവും കണ്ടെത്തി. ഹുസൈനിനൊപ്പമുണ്ടായിരുന്നയാളെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തൊട്ടടുത്തുള്ള സിസി ടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്. പ്രതിയെക്കുറിച്ചുള്ള കാര്യങ്ങൾ പിടിയിലായ ഹുസൈൻ പൊലിസിനു നൽകിയിട്ടുണ്ട്. ഉടൻതന്നെ ഇയാളെ പിടികൂടുമെന്ന് എസ്ഐ പറഞ്ഞു.

Post a Comment

0 Comments